ഗണപതിയുടെ ചിത്രം ഉള്ള ഇന്തോനേഷ്യയുടെ പഴയ 20,000 രൂപ നോട്ടിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ച. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യത്ത് ഹിന്ദു സംസ്കാരത്തിന് ഇത്രയധികം പ്രാധാന്യമുണ്ടോ എന്നതിൽ പലർക്കും അത്ഭുതമുണ്ട്.
1998-ൽ പുറത്തിറങ്ങിയ ഈ നോട്ടിൽ ഗണപതിയുടെയും ഇന്തോനേഷ്യൻ വിദ്യാഭ്യാസ പരിഷ്കർത്താവായ കി ഹജർ ദേവാന്തരയുടെയും ചിത്രവും ഒരു ക്ലാസ് മുറിയുടെ ചിത്രവും ഉണ്ടായിരുന്നു. ചില നെറ്റിസൺസ് തങ്ങളുടെ ഹിന്ദു പൈതൃകത്തിൽ അഭിമാനം കൊള്ളുമ്പോൾ, മറ്റു ചിലർ ഇന്തോനേഷ്യയുടെ മതസഹിഷ്ണുതയെ പ്രശംസിക്കുന്നു. “ഭൂമിയിൽ ഗണപതിയുടെ ചിത്രം കറൻസിയിൽ അച്ചടിച്ച ഒരേയൊരു രാജ്യം ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയാണ്,” ഒരാൾ വൈറലായ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ഗണപതിയുടെ ചിത്രം നോട്ടിൽ വന്നത് എങ്ങിനെ?
ബാങ്ക് ഇന്തോനേഷ്യയുടെ വിശദീകരണം അനുസരിച്ച്, 1998-ൽ പുറത്തിറക്കിയ നോട്ടുകളിൽ ഒന്നായിരുന്നു ഗണപതിയുടെ ചിത്രം അച്ചടിച്ച ഈ 20,000 രൂപ നോട്ട്. കറൻസിയുടെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2008-ൽ ഈ നോട്ട് പിൻവലിച്ചു. പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ മാറ്റിയെടുക്കാൻ 2018 ഡിസംബർ 31 വരെ സർക്കാർ പൗരന്മാർക്ക് സമയം നൽകിയിരുന്നു. ഇപ്പോൾ ഇന്തോനേഷ്യയിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ ഗണപതിയുടെ ചിത്രം അച്ചടിച്ച നോട്ടുകളില്ല.
വിദ്യയുടെയും കലകളുടെയും ദൈവമായ ഗണപതിയെ വിദ്യാഭ്യാസത്തെയും ബൗദ്ധിക വികാസത്തെയും പ്രതിനിധീകരിക്കാൻ വേണ്ടിയാണ് ഉൾപ്പെടുത്തിയത്. ഇതേ മൂല്യങ്ങൾ ഉൾക്കൊണ്ട വ്യക്തിയാണ് നോട്ടിൽ ഗണപതിയുടെ ചിത്രത്തിനൊപ്പം ഉണ്ടായിരുന്ന കി ഹജർ ദേവാന്തര. നോട്ടിന്റെ മറുവശത്ത് ഒരു ക്ലാസ് മുറിയുടെ ചിത്രം കൊടുത്തത് അറിവിന്റെ പ്രാധാന്യം വർദ്ധിപ്പിക്കാൻ വേണ്ടിയായിരുന്നു.
ഇന്തോനേഷ്യയിലെ ഹിന്ദുമതത്തിന്റെ ആഴത്തിലുള്ള വേരുകൾ
ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ വ്യാപാരികളും പണ്ഡിതന്മാരും പുരോഹിതന്മാരും വഴിയാണ് ഹിന്ദുമതം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിൽ എത്തിയത്. നൂറ്റാണ്ടുകളായി ഇത് പ്രാദേശിക ആചാരങ്ങളും ബുദ്ധമതവുമായി ലയിക്കുകയും ശ്രീവിജയ, മജാപാഹിത് തുടങ്ങിയ ശക്തമായ രാജ്യങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ഈ മതത്തിന്റെ പൈതൃകം ഇപ്പോഴും കല, വാസ്തുവിദ്യ, സാഹിത്യം, ഉത്സവങ്ങൾ എന്നിവയിൽ കാണാൻ കഴിയും – പ്രത്യേകിച്ചും ബാലിയിൽ, അവിടെ ഹിന്ദുമതം ഇപ്പോഴും പ്രധാന മതമായി തുടരുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ ഇന്തോനേഷ്യയിലെ പാവകളി, വായംഗ് കുലിറ്റ്, ബാലനൃത്തം തുടങ്ങിയ കലാരൂപങ്ങളെ ഇപ്പോഴും സ്വാധീനിക്കുന്നു.
പ്രമ്പനാൻ പോലുള്ള സ്മാരകങ്ങളും ഇന്തോനേഷ്യയുടെ രാഷ്ട്ര തത്വശാസ്ത്രമായ പഞ്ചശീലയിലെ സാംസ്കാരിക മൂല്യങ്ങളും ഹിന്ദു സ്വാധീനത്തെ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 1.7 ശതമാനം മാത്രമാണ് ഹിന്ദുമതവിശ്വാസികൾ. എങ്കിലും, ഇസ്ലാം, പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ബുദ്ധമതം, കൺഫ്യൂഷ്യനിസം എന്നിവയ്‌ക്കൊപ്പം ഹിന്ദുമതത്തെയും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആറ് മതങ്ങളിൽ ഒന്നായി രാജ്യം അംഗീകരിക്കുന്നു. താൽക്കാലികമായിട്ടാണെങ്കിൽ പോലും കറൻസിയിൽ ഗണപതിയുടെ സാന്നിധ്യം, ഇന്തോനേഷ്യയ്ക്ക് ഇന്ത്യയുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധത്തിന്റെയും “ഐക്യത്തിലെ വൈവിധ്യത്തിന്റെയും” പൈതൃകം സൂചിപ്പിക്കുന്നു.




