Lifestyle

എന്റെ കുഞ്ഞേ, എവിടെ പോയി നീ? എയർഹോസ്റ്റസ് നഗന്തോയുടെ വീട്ടിലെ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നത്- വീഡിയോ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് വിമാനത്തിലെ എയർഹോസ്റ്റസ് നഗന്തോയ് ശർമ്മയുടെ വീട്ടിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ . നഗന്തോയ് ശർമ്മ കോങ്ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങൾ അപകടവിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

നിലത്തു മുട്ടുകുത്തിയിരുന്നു ഗീതാഞ്‌ജലി ആല്‍ബങ്ങളുടെ പേജുകള്‍ മറിച്ചു. നഗന്തോയിയുടെ വളര്‍ച്ച അവളുടെ മുന്നില്‍ തെളിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അവര്‍ നഗന്തോയിയുടെ ചിത്രത്തോട്‌ ചോദിച്ചു.- ‘നീ എവിടെയാണ്‌?’. അഹമ്മദാബാദ്‌ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട എയര്‍ ഹോസ്‌റ്റസ്‌ നഗന്തോയി ശര്‍മ്മ (22)യുടെ സഹോദരിയാണു ഗീതാഞ്‌ജലി.

മണിപ്പുരിലെ തൗബാല്‍ ജില്ലയിലെ അവാങ്‌ ലെയ്‌കിയിലാണു നഗന്തോയിയുടെ കുടുംബം. ‘എന്റെ കുഞ്ഞേ, ഞാന്‍ ഈ കൈകളില്‍ വളര്‍ത്തിയ എന്റെ കുഞ്ഞേ, എവിടെ പോയി നീ? നിന്നെ കാണണം. എവിടെയാണ്‌ നീ?’ – ഗീതാഞ്‌ജലിയുടെ സമീപമിരുന്ന മറ്റൊരു സ്‌ത്രീ കരഞ്ഞു.

‘ദയവായി എന്റെ ഫോണ്‍ കൊണ്ടുവരൂ, അവളുടെ ചിത്രങ്ങള്‍ കാണണം.’ മറ്റൊരു സ്‌ത്രീ പറഞ്ഞു. 2023ലാണു നഗന്തോയിക്ക്‌ എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്‌റ്റസിന്റെ ജോലി ലഭിച്ചത്‌. ‘ഞങ്ങള്‍ മൂന്ന്‌ സഹോദരിമാരാണ്‌. 2023 ഏപ്രിലില്‍ അവള്‍ ജോലിയില്‍ ചേര്‍ന്നു. എയര്‍ഹോസ്‌റ്റസ്‌ ആകുക എന്നതായിരുന്നു അവളുടെ സ്വപ്‌നം. ഏറെ കഷ്‌ടപ്പെട്ടാണ്‌ അതു യാഥാര്‍ഥ്യമാക്കിയത്‌.

കലാപമുള്ളതിനാല്‍ മണിപ്പൂരില്‍ പലപ്പോഴും ഇന്റര്‍നെറ്റ്‌ നിരോധനമാണ്‌. അതിനാല്‍ കുറേ നാളായി അവളുമായി വീഡിയോ ചാറ്റ്‌ പോലും ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും ലണ്ടനിലേക്ക്‌ പറക്കാന്‍ പോകുയാണെന്ന സന്ദേശമാണ്‌ അവസാനം ലഭിച്ചത്‌. ജൂണ്‍ 15 ന്‌ തിരിച്ചുവരുമെന്നും അവള്‍ പറഞ്ഞു. ഞാന്‍ അവള്‍ക്ക്‌ സുരക്ഷിതമായ യാത്ര ആശംസിച്ചു, ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പുനരാരംഭിക്കുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞു’- സഹോദരി ഗിതാഞ്‌ജലി പറഞ്ഞു.’

ഒരു ബന്ധു വിളിച്ചപ്പോഴാണ്‌ അപകടത്തെക്കുറിച്ച്‌ അറിഞ്ഞത്‌. അഹമ്മദാബാദില്‍ ഒരു എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന്‌ അവര്‍ പറഞ്ഞു. നഗന്തോയി ലണ്ടനിലേക്ക്‌ പറക്കാന്‍ പോകുന്ന കാര്യം ഞാന്‍ അവരോട്‌ പറഞ്ഞു. അല്‍പ സമയത്തിനുശേഷം അവര്‍ വീണ്ടും വിളിച്ചു. ലണ്ടനിലേക്കുള്ള വിമാനമാണ്‌ അപകടത്തില്‍പ്പെട്ടതെന്ന്‌ അറിയിച്ചു. ഞങ്ങള്‍ അവളെ ഫോണില്‍ വിളിച്ചു പ്രതികരണമുണ്ടായില്ല’.- അവര്‍ പറഞ്ഞു.