Sports

ധോണി നായകനായ ടീമിന് ഐപിഎല്ലില്‍ എപ്പോഴും കിരീടസാധ്യതയുണ്ട്, കാരണം ഇതാണ് ; ഇംഗ്‌ളണ്ട് താരം പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായി ഒരുങ്ങുകയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുന്ന അവര്‍ ആറാം കിരീടം ലക്ഷ്യമിട്ട് റെക്കോഡ് തിരുത്താനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീം ഇത്തവണ കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ധോണി നായകനായി ഇരിക്കുന്നിടത്തോളം കാലം സിഎസ്‌കെയ്ക്ക് എപ്പോഴും ഒരു കിരീടസാധ്യതയുണ്ടെന്നാണ് ഇംഗ്‌ളണ്ടിന്റെ താരം മൊയിന്‍ അലി പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മുന്ന് ഐപിഎല്‍ സീസണ്‍ കളിച്ചിട്ടുള്ള മൊയിന്‍ അലി ഇത്തവണയും ധോണിയുടെ ടീമിന് സാധ്യതയുണ്ടെന്ന് പറയുന്നു. സിഎസ്‌കെ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുടെ അഭിപ്രായത്തില്‍, ധോണിയുടെ നേതൃത്വത്തില്‍ ഫ്രാഞ്ചൈസിക്ക് എല്ലായ്‌പ്പോഴും ഒരു കിരീടം നേടാനുള്ള അവസരമുണ്ട്. ‘ധോണി ക്യാപ്റ്റനായി നിങ്ങള്‍ സിഎസ്‌കെ യില്‍ കളിക്കുമ്പോള്‍, കടലാസില്‍ ദുര്‍ബലമായാലും ടീം ശക്തമായിരിക്കുമെന്നും നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിജയിക്കാനുള്ള അവസരമുണ്ടെന്നും അലി പറഞ്ഞു. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണിയുടെ നിലവാരത്തെ അദ്ദേഹം പ്രശംസിച്ചു.

‘ധോനി ഒരു പ്രത്യേക കളിക്കാരനും പ്രത്യേക ക്യാപ്റ്റനുമാണെന്ന് എല്ലാവര്‍ക്കും അറിയാം. അയാള്‍ വളരെ നല്ല ഒരു വ്യക്തി കൂടിയാണ്. ഞാന്‍ മൂന്ന് സീസണുകള്‍ കളിച്ചിട്ടുണ്ട്, പക്ഷേ അദ്ദേഹം എന്താണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ തന്ത്രപരമായ വ്യക്തിത്വം വളരെ മികച്ചതാണ്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അത് ആവേശകരവുമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു റോളും തീര്‍ച്ചയായും ഉണ്ടാകും. മൊയിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവില്‍ പ്രായം തീര്‍ച്ചയായും സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും, സിഎസ്‌കെയുടെ എതിരാളികളെ വീഴ്ത്തുന്ന തന്ത്രങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരു സമര്‍ത്ഥനായ നേതാവായി തുടരുന്നു.

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ച ധോണിയുടെ ടീം ഐപിഎല്‍ 2024 മാര്‍ച്ച് 22 മുതല്‍ ചെന്നൈയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിട്ടുകൊണ്ടാണ് ഇത്തവണ തുടങ്ങുന്നത്. ദീപക് ചാഹറും റുതുരാജ് ഗെയ്ക്വാദും ഉള്‍പ്പെടെ നിരവധി സിഎസ്‌കെ താരങ്ങള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രീ-സീസണ്‍ ക്യാമ്പില്‍ ചേര്‍ന്നു.