The Origin Story

കറന്‍സിയുടെ കഥ; ഇന്ത്യ പേപ്പര്‍ കറന്‍സി ഉപയോഗിച്ച് തുടങ്ങിയത് ഇങ്ങിനെയാണ്…!

സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിനും പുരോഗതിക്കും വഴിതെളിച്ച നാഴികക്കല്ലുകളില്‍ ഒന്നാണ് പേപ്പര്‍ കറന്‍സികള്‍. ഇന്ത്യയില്‍ 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ പേപ്പര്‍ കറന്‍സികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. നാണയത്തില്‍ നിന്ന് കടലാസ് നോട്ടുകളിലേക്ക് മാറിയ ഈ സുപ്രധാനനിമിഷം പിന്നീട് ആധുനിക ബാങ്കിംഗിന്റെ നട്ടെല്ലായി മാറുകയും ചെയ്തു. 1812 സെപ്തംബര്‍ 9 ന് ബാങ്ക് ഓഫ് ബംഗാള്‍ ആദ്യത്തെ പേപ്പര്‍ കറന്‍സി പുറത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ അദ്ധ്യായം തുടങ്ങുന്നത്.

മുമ്പ്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച നാണയങ്ങളിലായിരുന്നു ഇന്ത്യയിലെ വിനിമയം കൂടുതലായും നടന്നിരുന്നത്. മുഗള്‍ സാമ്രാജ്യം നടപ്പിലാക്കിയ ‘രുപിയ’ പണസമ്പ്രദായത്തില്‍ വെള്ളിനാണയങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് കൂടുതല്‍ കാര്യക്ഷമമായ ഒരു കറന്‍സിയുടെ ആവശ്യകത ഉയര്‍ന്നു.

1806-ല്‍ ബാങ്ക് ഓഫ് കല്‍ക്കട്ട എന്ന പേരില്‍ സ്ഥാപിതമായ ബാങ്ക് ഓഫ് ബംഗാള്‍, ഈ ആവശ്യത്തോട് പ്രതികരിച്ച ആദ്യത്തെ ബാങ്കുകളില്‍ ഒന്നാണ്. 1809-ല്‍ മിന്റോ പ്രഭു പുറപ്പെടുവിച്ച ഒരു ചാര്‍ട്ടറിനെ തുടര്‍ന്ന്, ബാങ്ക് ഓഫ് കല്‍ക്കട്ട ബാങ്ക് ഓഫ് ബംഗാള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക അരാജകത്വവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണവുമാണ് പേപ്പര്‍ കറന്‍സി വിതരണം ചെയ്യുന്നതിലേക്ക് ബാങ്കിന്റെ തീരുമാനത്തെ നയിച്ചത്.

ബാങ്ക് ഓഫ് ബംഗാള്‍ കറന്‍സി പുറത്തിറക്കിയത് സിക്ക രൂപയായിട്ടാണ്, പ്രത്യേകിച്ച് 250, 500 മൂല്യങ്ങളില്‍. കറന്‍സിയായി എന്നനിലയില്‍ ആവശ്യാനുസരണം ബാങ്ക് പ്രഖ്യാപിച്ച മൂല്യം മാനിക്കുമെന്ന് സൂചിപ്പിക്കുന്ന പ്രോമിസറി നോട്ടുകളായിരുന്നു ഇത്. സങ്കീര്‍ണ്ണമായ കലാസൃഷ്ടികള്‍ക്കൊപ്പം ബംഗ്ലാ, പേര്‍ഷ്യന്‍, ഹിന്ദി ഭാഷകളിലെ ലിഖിതങ്ങളും ഉള്‍ക്കൊള്ളുന്ന കുറിപ്പുകളുളോടെയായിരുന്നു കറന്‍സിയുടെ രൂപകല്‍പ്പന. പേപ്പര്‍ കറന്‍സിയുടെ ആവശ്യം വര്‍ദ്ധിച്ചതോടെ ബാങ്ക് ഓഫ് ബംഗാള്‍ 10, 50, 100 സിക്ക രൂപവും കറന്‍സിയുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തി. ദൈനംദിന ഇടപാടുകളില്‍ കൂടുതല്‍ ലഭ്യത അനുവദിച്ചുകൊണ്ട് മൊത്തം 10 ഓളം ഡിനോമിനേഷനുകള്‍ വന്നു.

പേപ്പര്‍ കറന്‍സിയുടെ വരവ് ഇടപാടുകള്‍ സുഗമവും എളുപ്പവുമാക്കി. പ്രത്യേകിച്ച് കനത്ത നാണയങ്ങള്‍ വേണ്ടിവരുന്ന കച്ചവട സാഹചര്യത്തില്‍. പിന്നീട് കള്ളനോട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത് തടയാന്‍ സങ്കീര്‍ണ്ണമായ ഡിസൈനുകളും വാട്ടര്‍മാര്‍ക്കുകളും ഉള്ള ഉയര്‍ന്ന നിലവാരമുള്ള കറന്‍സി നോട്ടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ഇതില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു പ്രമുഖ ബ്രിട്ടീഷ് ബാങ്ക് നോട്ട് പ്രിന്റിംഗ് സ്ഥാപനമായ പെര്‍കിന്‍സ്, ഹീത്ത് ആന്‍ഡ് കോ, പിന്നീട് ഈ ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്ന ജോലി ഏറ്റെടുത്തു.

ബാങ്ക് ഓഫ് ബംഗാള്‍ കടലാസ് കറന്‍സി ഇഷ്യൂ വിപ്ലവകരമായിരുന്നുവെങ്കിലും, 1861-ലെ പേപ്പര്‍ കറന്‍സി നിയമമാണ് ഇന്ത്യയിലെ കറന്‍സിയുടെ ലോകത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ചത്. ഈ നിയമം ബ്രിട്ടീഷ് സര്‍ക്കാരിന് കറന്‍സി ഇഷ്യൂ ചെയ്യാനുള്ള പ്രത്യേക അവകാശം നല്‍കി, സ്വകാര്യ ബാങ്കുകള്‍ അവരുടെ സ്വന്തം നോട്ടുകള്‍ വിതരണം ചെയ്യുന്ന രീതി അവസാനിക്കുകയും ചെയ്തു.

ഏകീകൃത കറന്‍സി സമ്പ്രദായത്തിന് വേണ്ടി വാദിച്ച, വൈസ്രോയി ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ആദ്യത്തെ ധനകാര്യ അംഗമായ സര്‍ ജെയിംസ് വില്‍സണാണ് ഈ മാറ്റത്തെ ഏറെ സ്വാധീനിച്ചത്. ആദ്യത്തെ പേപ്പര്‍ കറന്‍സിയുടെ ഇഷ്യു ഇന്ത്യന്‍ സാമ്പത്തിക ഇടപാടുകളില്‍ വിപ്ലവം സൃഷ്ടിക്കുകയും ഒരു കേന്ദ്ര ബാങ്കിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള അടിത്തറ പാകുകയും 1935-ല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ കറന്‍സിയായ രൂപ അച്ചടിച്ചിറക്കാനുള്ള അധികാരകേന്ദ്രമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു.