Celebrity

‘നിങ്ങള്‍ മണിരത്നം ആണെങ്കില്‍ ഞാന്‍ ടോം ക്രൂയിസാണ്’- കാജലിന് ദില്‍സേയിലെ നായികാവേഷം നഷ്ടപ്പെട്ട കഥ

ഷാരൂഖ് കാജല്‍ ജോഡി പോലൊന്ന് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. ഇരുവരും നായികാനായകന്മാരായി ചെയ്ത സിനിമകളെല്ലാം വന്‍ പണംവാരി ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇവരെ തന്റെ സിനിമയില്‍ ഒന്നിപ്പിക്കാനായി ഒരിക്കല്‍ മണിരത്‌നവും ആലോചിച്ചതാണ്. എന്നാല്‍ സംവിധായകന്‍ നടിയെ വിളിച്ചപ്പോള്‍ കാജല്‍ ആരോ തന്നെ പ്രാങ്ക് ചെയ്യുകയാണെന്ന് വിചാരിച്ചത്രേ.

പകരം നായികയായി എത്തിയത് മനീഷാ കൊയ്‌രാളയും. മണിരത്‌നത്തിന്റെ സംവിധാനത്തിലും എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തിലും പുറത്തുവന്ന ദില്‍സേ വന്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ വിളിച്ചതും കാജല്‍ പ്രതികരിച്ചതുമെല്ലാം അടുത്തിടെയാണ് പുറത്തുവന്നത്. കോഫി വിത്ത് കരണ്‍ എന്ന കരണ്‍ജോഹറിന്റെ ടെലിവിഷന്‍ ചാറ്റ്‌ഷോയിലൂടെയാണ് സംഭവം കരണും കാജലും ഓര്‍ത്തെടുത്തത്.

‘കോഫി വിത്ത് കരണ്‍’ സീസണ്‍ 8 ന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ കാജലിനോടും റാണി മുഖര്‍ജിയോടൊപ്പമുള്ള എപ്പിസോഡിനിടെയാണ് കരണ്‍ ജോഹര്‍ ഈ സംഭവം ഓര്‍ത്തെടുത്തത്. ഷാരൂഖ് ഖാനും കജോളും ചേര്‍ന്നുള്ള ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു സംഭവം.

സംവിധായകന്‍ മണിരത്നത്തില്‍ നിന്ന് വിളി വന്നപ്പോള്‍ കാജോള്‍ ആരോ തന്നെ കളിയാക്കുകയാണെന്ന് കരുതിയത്. ”ഞങ്ങള്‍ അമൃത് അപ്പാര്‍ട്ട്മെന്റിലെ ഷാരൂഖ് ഖാന്റെ പഴയ വീട്ടിലായിരുന്നു. ടെറസിനോട് ചേര്‍ന്നുള്ള മുറിയില്‍ ഇരിക്കുകയായിരുന്നു. സിനിമ വിവരിക്കുമ്പോള്‍ ഞാന്‍ കരഞ്ഞു. അതു കേള്‍ക്കുമ്പോള്‍ നിങ്ങളും കരയുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഭ്രാന്താണെന്ന് ഷാരൂഖ് കരുതി.

അതിനിടയില്‍ മണിരത്നത്തില്‍ നിന്ന് ഒരു വിളി വന്നു. നിങ്ങള്‍ ആരാ? എന്ന് കാജല്‍. ഞാന്‍ മണിരത്നം ആണ് സംസാരിക്കുന്നത് എന്ന് മറുതലയ്ക്കല്‍ പറഞ്ഞു. ഉടനെ കാജല്‍ എന്നാല്‍ താന്‍ ടോം ക്രൂയിസ് ആണെന്ന മട്ടില്‍ നിങ്ങള്‍ ഫോണ്‍ വെച്ചു.” കരണ്‍ പറഞ്ഞു. മണിരത്നം നടിയെ ദില്‍സേയ്ക്ക് വിളിച്ചതായിരുന്നു. എന്നാല്‍ വിളിച്ചത് മണിരത്നം ആണെന്ന് അവള്‍ വിശ്വസിച്ചില്ല. ആരോ കളിയാക്കുകയാണെന്ന് അവള്‍ കരുതി.” കരണ്‍ജോഹര്‍ പറഞ്ഞു.