ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അതുകൊണ്ടു തന്നെ ഇവിടെ എല്ലാ കാര്യങ്ങളും മികച്ചമായ രീതിയില്‍ സജ്ജീകരിയ്ക്കാനാണ് വീട്ടമ്മമാര്‍ തയ്യാറാകേണ്ടത്. വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കള എത്രത്തോളം പ്രാധാന്യത്തോടെ ഒരുക്കാമെന്ന് അറിയാം….
- കിച്ചന്‍വാളില്‍ പരമാവധി വൈറ്റ് ടൈല്‍ അല്ലെങ്കില്‍ ലൈറ്റ് കളര്‍ ടൈല്‍ ഇടുന്നതാണ് ഏറ്റവും നല്ലത്. ഒന്ന് അഴുക്ക് പെട്ടെന്ന് അറിയുകയും അറിയാതെ ക്ളീന്‍ ചെയ്തു പോകുകയും ചെയ്യും. മറ്റൊന്ന്, ഇതില്‍ ഏത് കബോര്‍ഡ് വച്ചാലും കൂടുതല്‍ ഭംഗി കിട്ടും. മാത്രമല്ല കൂടുതല്‍ വെളിച്ചം തോന്നിക്കുകയും ചെയ്യും.
- കൂടുതല്‍ ഉപയോഗം ഉണ്ടെങ്കില്‍ ഡബിള്‍ സിങ്ക് വളരെ നല്ലതാണ്. ഇതു ജോലി എളുപ്പമാക്കും. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും അടുക്കളയില്‍ വെള്ളം തെറിച്ചു അഴുക്കാകുന്നത് കുറയ്ക്കാനും സമയം ലാഭിക്കാനും ഉപകരിക്കും. മാത്രമല്ല കുട്ടികള്‍ക്ക് വരെ എളുപ്പത്തില്‍ ഉപയോഗിക്കാനും പെട്ടെന്ന് ജോലി തീര്‍ക്കാന്‍ രണ്ടു പേര്‍ക്ക് ഒരുമിച്ചു ചെയ്യാനും പറ്റും.
- വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം എങ്കിലും ക്ളീന്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കില്‍ ചെറുതായാലും ഒരു സ്റ്റോര്‍ റൂം നല്ലതാണ്. അടുക്കള ഒരുപരിധിവരെ വൃത്തിയായി കിടക്കാന്‍ ഇതുപകരിക്കും. സാമ്പത്തിക ഞെരുക്കമുള്ളവര്‍ അത്യാവശ്യത്തിനു മാത്രം ഫര്‍ണിഷ് ചെയ്തിട്ട്, പിന്നീട് പണം വരുന്നമുറയ്ക്ക് കൂട്ടിച്ചേര്‍ത്താല്‍ മതി. അപ്പോള്‍ നല്ല ക്വാളിറ്റിയില്‍ ഈടു നില്‍ക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ച് ചെയ്തെടുക്കാന്‍ സാധിക്കും.
- എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഉപ്പ്, പഞ്ചസാര, കറി പൗഡറുകള്‍ മുതലായ സാധനങ്ങള്‍ കബോര്‍ഡിനുള്ളില്‍ വയ്ക്കാതെ കൈ എത്തുന്ന രീതിയില്‍ ഒരു സ്റ്റാന്‍ഡില്‍ പുറത്തു വയ്ക്കുന്നതാണ് നല്ലത്. അത് എപ്പോഴും ഡോര്‍ തുറന്ന് അടയ്ക്കുന്നത് ഒഴിവാക്കും. കഴിയുന്നതും സ്റ്റീല്‍ പാത്രങ്ങളോ ഗ്ലാസ് കുപ്പികളോ ഉപയോഗിക്കാന്‍ ശ്രമിക്കുക.
- കഴിയുമെങ്കില്‍ അടുക്കളയില്‍ നാലു പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിള്‍ ഇടുന്നത് വളരെ നല്ലതാണ്. ചില സമയങ്ങളില്‍ എളുപ്പത്തില്‍ ഭക്ഷണം കഴിക്കുക മാത്രമല്ല, വീട്ടുകാരിയെ അടുക്കളകാര്യങ്ങളില്‍ അല്ലറചില്ലറ സഹായിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവര്‍ക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിള്‍ ഒരുപാട് കാര്യങ്ങള്‍ക്ക് ഉപകരിക്കുകയും ചെയ്യും.
- എപ്പോഴും ഉപയോഗിക്കുന്ന കിച്ചനാണെങ്കില്‍ ഏതു കളര്‍ സ്ലാബ് വേണമെങ്കിലും ഇടാം, ഉപയോഗം വളരെ കുറവ് ഉള്ള കിച്ചനാണെങ്കില്‍ ലൈറ്റ് കളര്‍ സ്ലാബ് ഇടുന്നതാണ് നല്ലത്, കാരണം ഉറുമ്പ് പോലുള്ള ചെറുജീവികള്‍ വന്നാല്‍ പെട്ടെന്ന് കാണാന്‍ സാധിക്കും. സിങ്കിന്റെ അടിയില്‍ ഒരു വേസ്റ്റ് ഇടുന്ന പാത്രം വയ്ക്കാം, അല്ലെങ്കില്‍ ക്ളീനിങിനുള്ള ലോഷനുകള്‍ പോലുള്ള സാധനങ്ങള്‍ വയ്ക്കാന്‍ പറ്റും.