Movie News

‘ടോയ് എറ്റ് മോയി’ ;സിദ്ധാര്‍ത്ഥ് ഇട്ടുകൊടുത്ത അദിതി അണിഞ്ഞ മോതിരത്തിന് ഒരു പ്രത്യേകതയുണ്ട്

ദക്ഷിണേന്ത്യയിലെ ഏറെ തിരക്കുള്ള നടീനടന്മാരായ അദിതിറാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായത് ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയവും വിവാഹവുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആദ്യം പ്രണയവും പിന്നീട് മാര്‍ച്ചില്‍ വിവാഹനിശ്ചയവും നടത്തിയ ഇരുവരും വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു.

വിവാഹനിശ്ചയത്തിനും മോതിരംമാറലിനുമൊക്കെ ശേഷം അദിതി വിരലിലിട്ട ‘ഇരട്ട ഡയമണ്ട് ഡിസൈന്‍’ മോതിരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങളായി ആഗോള സെലിബ്രിട്ടികള്‍ ശ്രദ്ധേയമാക്കിയ മോതിരമാണിത്. അരിയാന ഗ്രാന്റേ, മേഗന്‍ ഫോക്‌സ്, കൈല്‍ ജന്നര്‍ തുടങ്ങി വന്‍കിട താരങ്ങള്‍ തങ്ങളുടെ ഇഷ്ടവും പ്രണയവുമെല്ലാം പ്രദര്‍ശിപ്പിക്കാനും പങ്കുവെയ്ക്കാനും വേണ്ടി ഉപയോഗിക്കുന്ന ‘ഇരട്ടക്കല്ല്’ മോതിരത്തെ ‘ടോയി എറ്റ് മോയി’ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.

ടോയി എറ്റ് മോയി എന്നത് ഫ്രഞ്ച് പദമാണ്. അതിന്റെ അര്‍ത്ഥം ‘നീയും ഞാനും’ എന്നാണ്. മോതിര ഡിസൈനിംഗിലെ ഏറ്റവും ചാരുതയാര്‍ന്നതും പ്രണയാര്‍ദ്രമായതുമായ മോതിരമാണ് ടോയി എറ്റ് മോയി. ഇത് രണ്ടു ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു.

ഫീവര്‍ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ വിവാഹനിശ്ചയ മോതിരത്തെക്കുറിച്ച് നേരത്തേ പറഞ്ഞത് ഇങ്ങിനെയായിരുന്നു ”ആ മോതിരത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഇതിനെ ‘ടോയ് എറ്റ് മോയ്’ മോതിരം എന്ന് വിളിക്കുന്നു, അതിന്റെ അര്‍ത്ഥം ‘നീയും ഞാനും’ മോതിരം എന്നാണ്. അതുകൊണ്ടാണ് അത് ഈ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത് അങ്ങനെയാക്കാന്‍ ഞാനും ആഗ്രഹിച്ചു.”

ടോയ് എറ്റ് മോയ് ഡയമണ്ട് റിംഗ് വില ലക്ഷങ്ങള്‍ വരാറുണ്ട്. രണ്ട് ചെറിയ വജ്രങ്ങളുള്ള (0.51 കാരറ്റ് വീതം) ഒരു അടിസ്ഥാന മോതിരത്തിന് 1.5 മുതല്‍ 5 ലക്ഷം രൂപ വരെയാണ് വില. എന്നിരുന്നാലും, പ്രത്യേകിച്ച് ഇഷ്ടാനുസൃത ഡിസൈനുകള്‍ വരുന്നതോ വലിയതോ ഉയര്‍ന്ന നിലവാരമുള്ളതോ ആഡംബര ബ്രാന്‍ഡുകളോ ആയ വജ്രങ്ങളുള്ള മോതിരങ്ങള്‍ക്ക് 10-20 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരെ പോകാം.