Lifestyle

സ്ത്രീകളിലെ ലൈംഗിക താല്‍പര്യക്കുറവിന്റെ കാരണം ? പരിഹാരമുണ്ട്

സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ലൈംഗിക താല്‍പര്യക്കുറവ്. ലൈംഗികതയെക്കുറിച്ച് കേള്‍ക്കുന്നതും സംസാരിക്കുന്നതും ഇവര്‍ക്ക് പൊതുവേ താല്‍പര്യമുണ്ടാവില്ല. ലൈംഗികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. സ്ത്രീകളിലാണ് പൊതുവേ ഇത്തരം സ്വഭാവ സവിശേഷതകള്‍ കണ്ടുവരുന്നത്.

സെക്‌സിനോട് താല്‍പര്യക്കുറവ് ഉള്ളതിനാല്‍ ഇവര്‍ വിവാഹ കാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞും വിവാഹം നീട്ടിക്കൊണ്ടുപോവുകയോ വിവാഹം വേണ്ടെന്നു വയ്ക്കുകയോ ചെയ്‌തേക്കാം.

ആശങ്കകള്‍ അതിരുവിടുമ്പോള്‍

സെക്‌സ് മോശം കാര്യമാണെന്ന ചിന്തയാണ് ഇവരുടെ മനസില്‍ നിറയുന്നത്. ലൈംഗികതയിലൂടെ പുരുഷന്റെ അടിമയായിത്തീരും എന്ന തോന്നലും ഇവരില്‍ ശക്തമാകാറുണ്ട്. ലൈംഗികത ദൈവവിശ്വാസത്തിന് എതിരാണെന്ന അതിരുവിട്ട മതചിന്ത ചില പെണ്‍കുട്ടികളില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു.

മനസില്‍ പതിഞ്ഞു കിടക്കുന്ന ഇത്തരം തെറ്റായ ധാരണകളും ലൈംഗികമായി ദുരുപയോഗപ്പെട്ട അനുഭവങ്ങളും ലൈംഗിക താല്‍പര്യക്കുറവിന് കാരണമാകും. അതുപോലെ ഹോര്‍മോണ്‍ തകരാറുകള്‍, ശാരീരികാസ്വസ്ഥതകള്‍, മുലയൂട്ടല്‍ എന്നീ കാരണങ്ങള്‍കൊണ്ടും താല്‍പര്യക്കുറവ് ഉണ്ടാക്കും.

ലൈംഗിക താല്‍പര്യക്കുറവ് താരതമ്യേന ചികിത്സിക്കാന്‍ എളുപ്പമാണ്. ലൈംഗികത സന്തോഷകരമായ അനുഭവമാണെന്നും അതില്‍ താല്‍പര്യത്തോടെ ഇടപെടുന്നത് കുടുംബ ജീവിതത്തെ ആഹ്‌ളാദപൂര്‍ണമാക്കും എന്നുമുള്ള തിരിച്ചറിവ് ഈ പ്രശ്‌നത്തിന് പരിഹാരമാവും.

സ്ത്രീകളിലെ ലൈംഗിക താല്‍പര്യക്കുറവ് പരിഹരിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. മനസില്‍ കയറിക്കൂടിയിട്ടുള്ള തെറ്റായ ധാരണകളും വിശ്വാസങ്ങളും മാറ്റിയെടുക്കുക എന്നതാണ് ആദ്യം വേണ്ടത്.