Featured The Origin Story

ക്രിസ്മസ് കഴിഞ്ഞല്ലോ….ഇനി ‘ബോക്‌സിംഗ്‌ഡേ’; എന്താണെന്ന് അറിയാമോ?

മിക്കവാറും കായികവേദികളില്‍ നിന്നും കേള്‍ക്കുന്ന പദം ക്രിക്കറ്റിലെ ടെസ്റ്റുമായി ബന്ധപ്പെട്ട് ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ‘ബോക്‌സിംഗ് ഡേ’ എന്നാല്‍ എന്താണെന്ന് അറിയാമോ? ക്രിസ്മസ് ആഘോഷിച്ച് രണ്ടാം ദിവസത്തെയാണ് ബോക്‌സിംഗ് ഡേ എന്ന് വിളിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തിരുപ്പിറവി ദിനത്തിന് പിന്നാലെ വരുന്ന ദിവസത്തെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡിസംബര്‍ 26 ന് ജീവനക്കാര്‍ക്കും ദരിദ്രര്‍ക്കും ദാനങ്ങള്‍ക്കും സമ്മാനങ്ങളും നല്‍കുന്ന ദിനമായി ഇതിനെ പാശ്ചാത്യര്‍ കണക്കാക്കുന്നു.

യു.കെ. യില്‍ നിന്നും ഉത്ഭവിച്ചതെന്ന് കരുതുന്ന ബോക്‌സിംഗ്‌ഡേ ആഘോഷം നിരവധി കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആഘോഷിക്കപ്പെടുന്നു . ദരിദ്രര്‍ക്കായി സംഭാവനകള്‍ ശേഖരിക്കുന്നതിനായി ക്രിസ്ത്യന്‍ പള്ളികളുടെ നാര്‍തെക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന ദാന പെട്ടിയില്‍ നിന്നുമാണ് ക്രിസ്മസ് ബോക്‌സ് വന്നതെന്നും പറയപ്പെടുന്നു. ഈ പാരമ്പര്യം റോമന്‍ കാലഘട്ടത്തിലെയും ആദ്യകാല ക്രിസ്ത്യന്‍ കാലഘട്ടത്തിലെയും ഒരു ആചാരത്തില്‍ നിന്നായിരിക്കാം , വിശുദ്ധ സ്റ്റീഫന്റെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രത്യേക വഴിപാടുകള്‍ ശേഖരിക്കാന്‍ പള്ളികളില്‍ ദാനപെട്ടികള്‍ വെച്ചിരുന്നു. ബോക്‌സിംഗ് ഡേയയില്‍ അന്നദാനപ്പെട്ടികള്‍ തുറന്ന് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമായിരുന്നു.

അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന ‘ക്രിസ്മസ് ബോക്‌സ്’ എന്ന സങ്കല്‍പ്പം 17 ാം നൂറ്റാണ്ട് മുതല്‍ ഉണ്ടെന്നും ഇതില്‍ നിന്നുമാണ് ‘ബോക്‌സിംഗ് ഡേ’ വന്നതെന്ന് ചില നിരീക്ഷണങ്ങളുണ്ട്. ആളുകള്‍ ശുഭദിനത്തില്‍ ഡീലുകള്‍ക്കായി ഷോപ്പിംഗ് തിരഞ്ഞെടുക്കുന്നു. ക്രിസ്ത്യന്‍ ആഘോഷമായ സെന്റ് സ്റ്റീഫന്‍സ് ഡേയ്ക്കൊപ്പം ബോക്സിംഗ് ഡേയും സമാന്തരമാണ്. യൂറോപ്പില്‍ കാറ്റലോണിയ, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ഓസ്ട്രിയ, ഹംഗറി, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, റൊമാനിയ, ബെല്‍ജിയം, നോര്‍വേ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 26 സെന്റ് സ്റ്റീഫന്‍സ് ദിനമാണ്.

ചില ഇടങ്ങളില്‍ സൗകര്യം അനുസരിച്ച് ഡിസംബര്‍ 27 നും 28 നും ആഘോഷിക്കാറുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തില്‍ ബോക്‌സിംഗ് ഡേ ഡിസംബര്‍ 27 തിങ്കളാഴ്ചയാണ് ആഘോഷിക്കാറ്. 1663 ഡിസംബര്‍ 19-ലെ സാമുവല്‍ പെപ്പിസിന്റെ ഡയറി കുറിപ്പ് പ്രകാരം ബ്രിട്ടനില്‍ വ്യാപാരികള്‍ വര്‍ഷം മുഴുവനും നല്ല സേവനത്തിന് നന്ദി പറയാന്‍ വേണ്ടിക്രിസ്മസിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനം ഉപയോഗിക്കാറുണ്ടായിരുന്നു. സമ്മാനങ്ങളും മറ്റും നല്‍കുന്നത് പതിവായിരുന്നു. യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് പോലെയുള്ള രാജ്യങ്ങളില്‍ ബോക്സിംഗ് ഡേയില്‍ സാധനങ്ങള്‍ വില കുറച്ച് വില്‍ക്കുന്ന അനേകം ചില്ലറ വ്യാപാരികളുടെ ദിനം കൂടിയാണ്. ഷോപ്പിംഗ് ഹോളിഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. കടകള്‍ വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാറുണ്ട്.

യുകെയില്‍ തലേദിവസത്തെ ക്രിസ്മസ് ഡിന്നറിന്റെ അവശിഷ്ടങ്ങള്‍ കൂട്ടി ആഹാരം കഴിക്കുന്നത് സാധാരണമാണ്, ടര്‍ക്കി പലപ്പോഴും ബോക്സിംഗ് ഡേ സാന്‍ഡ്വിച്ചിലോ കറിയിലോ അവ ഉപയോഗിക്കാറുണ്ട്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും ബോക്‌സിംഗ്‌ഡേ കായികവേദിയില്‍ ഒരു പ്രത്യേക ദിനമായി കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയയില്‍, ബോക്‌സിംഗ്‌ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റ് മത്സരവും സിഡ്‌നി ടു ഹോബാര്‍ട്ട് യാച്ച് റേസും പ്രധാനപ്പെട്ടതാണ്. യുകെയില്‍ ഈ ദിവസങ്ങളില്‍ പ്രധാന ഫുട്‌ബോള്‍ മത്സരങ്ങള്‍ പരമ്പരാഗതമായി നടത്തി വരാറുണ്ട്. യൂറോപ്പിലെ മറ്റു സുപ്രധാന ലീഗുകളിലും ഈ പതിവ് പുതിയതായി ഉയര്‍ന്നുവന്നിട്ടുണ്ട്.