ശരീരത്തിലെ എല്ലാ കോശങ്ങൾക്കും നന്നായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. എന്നാൽ നിങ്ങൾ അമിതമായി വെള്ളം കുടിച്ചാൽ, water intoxication അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ (hyponatremia) എന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഈ അവസ്ഥയിൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമാം വിധം കുറയുകയും തലച്ചോറില്‍ വീക്കം ഉണ്ടാകുകയും കോമയിലേക്കോ മരണത്തിലേക്കോ നയിക്കുകയും ചെയ്യും.
കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾ ധാരാളം വെള്ളം കുടിക്കുകയാണെങ്കിൽ, ജല വിഷബാധ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങൾ മാറിയേക്കാം. കോശങ്ങളിൽ (തലച്ചോറ് കോശങ്ങൾ ഉൾപ്പെടെ) അമിതമായി വെള്ളം ഉണ്ടാകുമ്പോള്‍ അവ വീർക്കാൻ കാരണമാകുന്നു. തലച്ചോറിലെ കോശങ്ങൾ വീർക്കുമ്പോൾ, അവ തലച്ചോറിൽ സമ്മർദ്ദം ഉണ്ടാക്കുന്നു.
നിങ്ങൾക്ക് ആശയക്കുഴപ്പം, മയക്കം, തലവേദന തുടങ്ങിയ കാര്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയേക്കാം. ഈ മർദ്ദം വർദ്ധിക്കുകയാണെങ്കിൽ അത് ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദ്ദം), ബ്രാഡികാർഡിയ (കുറഞ്ഞ ഹൃദയമിടിപ്പ്) തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും.
നിങ്ങൾ ദിവസവും എത്ര വെള്ളം കുടിക്കണമെന്ന് കണ്ടെത്താൻ ഒരൊറ്റ ഫോർമുലയുമില്ല. ദാഹിക്കുമ്പോഴും മൂത്രം ഇളം മഞ്ഞ നിറത്തിലായിരിക്കുമ്പോഴും നിങ്ങൾ വെള്ളം കുടിക്കണം. ഒരു ദിവസം എട്ട് ഗ്ലാസ് അല്ലെങ്കില്‍ 3-4 ലിറ്റർ വെള്ളം കുടിക്കുന്നത് നല്ലതാണ്. നിങ്ങളുടെ പരിസ്ഥിതി, വ്യായാമ രീതി, മൊത്തത്തിലുള്ള ആരോഗ്യം, ഗർഭം അല്ലെങ്കിൽ മുലയൂട്ടൽ പോലുള്ള അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് നിങ്ങൾക്ക് ഈ അളവിൽ നിങ്ങളുടെ ഉപഭോഗം ക്രമീകരിക്കാം.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. യുവാക്കൾ ജോലിക്ക് പോയാലും എസി റൂമിൽ ജോലി ചെയ്താലും പ്രതിദിനം 2.5 ലിറ്റർ മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കണം. വെളിയിൽ കൂടുതൽ സമയം ചെലവഴിക്കുകയും വെയിലത്ത് ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികൾ ദിവസം 4 മുതൽ 5 ലിറ്റർ വരെ വെള്ളം കുടിക്കണം.
വൃക്ക, ഹൃദയം, ഷുഗർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യത്തിന് വെള്ളം കുടിക്കണം.
വെള്ളം കുടിക്കാനുള്ള ശരിയായ വഴി
എപ്പോഴും ചെറിയ അളവിൽ വെള്ളം കുടിക്കണം. ഒരേസമയം ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
പഞ്ചസാര പാനീയങ്ങളും സോഡകളും കുടിക്കുന്നത് ഒഴിവാക്കുക. കാരണം ഇവ നിർജ്ജലീകരണത്തിനു കാരണമാകും.
ചൂടുവെള്ളമോ, സാധാരണ വെള്ളമോ കുടിക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. വളരെ തണുത്ത വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.