Health

ദിവസവും 6 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരുന്നാൽ ശരീരത്തിന് സംഭവിക്കുന്നത് ഇതാണ്

നിങ്ങൾ മണിക്കൂറുകളോളം ഇരിക്കുകയാണോ? ഉദാസീനമായ ഈ ജീവിതശൈലി ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ല. എന്നാൽ ജോലികൾക്കായി, തുടർച്ചയായി ആറ് മണിക്കൂർ ദീർഘനേരം ഇരിക്കേണ്ടി വന്നാലോ? അത്തരമൊരു സാഹചര്യത്തിൽ, ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒരു ഇടവേള എടുക്കാതെ കൂടുതൽ നേരം ഒരിടത്ത് ഇരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന് ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേൽ മുംബൈയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ മഞ്ജുഷ അഗർവാൾ പറയുന്നു .

ഇത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം അമിതമായി വർദ്ധിപ്പിക്കുകയും പിന്നീട് ഇത് പൊണ്ണത്തടിയായി മാറുകയും ചെയ്യുന്നു . അമിതമായ ഇരിപ്പ് മെറ്റബോളിസത്തെ ഗണ്യമായി മന്ദീഭവിപ്പിക്കും. ഇത് പിന്നീട് ശരീരഭാരം കുറയ്ക്കാൻ പ്രയാസമാക്കുമെന്നും ഡോക്ടർ വിശദീകരിക്കുന്നു.

പോഷകാഹാര വിദഗ്ധയും ഫിറ്റ്നസ് വിദഗ്ധയുമായ ശിഖ സിംഗ്, പറയുന്നത് , ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് പ്രധാന കാരണമെന്നാണ് .

‘പരിമിതമായ ശാരീരിക പ്രവർത്തനമോ ചലനമോ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് നിക്ഷേപത്തിന് കാരണമാകുന്നു, ഇത് ഇൻസുലിൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും സിംഗ് വിശദീകരിക്കുന്നു .

ചാരിയിരിക്കുന്നതോ പുറം ഞരങ്ങുന്നതോ പോലുള്ള രീതിയിൽ ഇരിക്കുമ്പോൾ നടുവേദനയോ കഴുത്തു വേദനയോ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. “കാലക്രമേണ, ഇത് കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. ഈ ഘടകങ്ങൾ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കും. ദീർഘനേരം ഇരുന്നാൽ സന്ധികൾക്ക് പ്രശ്നങ്ങളും വേദനയും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് .

അതിനാൽ തന്നെ കൂടുതൽ സമയം ഒരിടത്ത് ഇരിക്കുന്നത് ഒഴിവാക്കണം. ഒപ്പം 4 മുതൽ 5 മിനിറ്റ് വരെ ഇടവേള എടുക്കുകയും ശരീരം അയവുള്ളതും സജീവമായി നിലനിർത്തുകയും ചെയ്യാൻ കാലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക.