Featured Oddly News Wild Nature

136 ദിവസം ഇവിടെ സൂര്യപ്രകാശം ലഭിക്കില്ല ; പ്രദേശം മുഴുവന്‍ ഇരുട്ടിലാകും, ചൂട് മൈനസ് 40 ഡിഗ്രി

സൂര്യപ്രകാശം ലഭിക്കാതെ നാലുമാസങ്ങള്‍ ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് കാനഡയുടെ അലര്‍ട്ട് ബേസ്. കനേഡിയന്‍ ആര്‍ട്ടിക്കില്‍, ഉത്തരധ്രുവത്തില്‍ നിന്ന് 817 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലമാണ് അലേര്‍ട്ട് . എല്ലെസ്മിയര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന അലേര്‍ട്ട്, ഭൂമിയിലെ ഏറ്റവും കഠിനവും തീവ്രവുമായ സാഹചര്യങ്ങള്‍ക്ക് പേരുകേട്ട ശാസ്ത്രീയ താവളമാണ്.

136 ദിവസമാണ് ഇവിടെ സൂര്യപ്രകാശം കിട്ടാത്ത ധ്രുവരാത്രി അനുഭവേദ്യമാകുന്നത്. 136 ദിവസം സൂര്യന്‍ ചക്രവാളത്തിന് മുകളില്‍ ഉദിക്കാത്ത ഈ കാലഘട്ടം പ്രദേശത്തെ ഏതാണ്ട് പൂര്‍ണ്ണ ഇരുട്ടിലേക്ക് തള്ളിവിടുന്നു. ഒക്ടോബര്‍ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി അവസാനം വരെ തുടരും. ഈ വര്‍ഷം, സൂര്യന്റെ അവസാന ദര്‍ശനം ഒക്ടോബര്‍ 13 നായിരുന്നു, ഫെബ്രുവരി 27വരെ അത് തിരിച്ചെത്തില്ലെന്ന് ശാസ്ത്രലോകം പറയുന്നു.

ഈ സമയത്ത്, അലേര്‍ട്ടിലെ നിവാസികള്‍ കൃത്രിമ വെളിച്ചത്തെ ആശ്രയിക്കുന്നു. കൂടാതെ പ്രകൃതിദത്ത സൂര്യപ്രകാശത്തിന്റെ നീണ്ട അഭാവം കാരണം പലപ്പോഴും അവര്‍ക്ക ചില ക്രമീകരണങ്ങള്‍ ആവശ്യമാണ്. താപനിലയും ഈ സമയത്ത് വല്ലാത്ത നിലയില്‍ താഴും. പലപ്പോഴും മൈനസ് 40 ഡിഗ്രിയ്ക്ക് താഴെയാകും. ഇത് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ക്കും ആക്കം കൂടും.

അതേസമയം ലോകത്തില്‍ ദീര്‍ഘകാലം ഇരുട്ട് അനുഭവപ്പെടുന്ന ഒരേയൊരു സ്ഥലമല്ല അലേര്‍ട്ട്. സ്വാല്‍ബാര്‍ഡ്, ജാന്‍ മായന്‍, നോര്‍വേയിലെ ട്രോംസോ എന്നിവയുള്‍പ്പെടെ ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് സര്‍ക്കിളുകളിലെ മറ്റ് പ്രദേശങ്ങളും എല്ലാ വര്‍ഷവും നിരവധി ആഴ്ചകളോ മാസങ്ങളോ ധ്രുവ രാത്രിക്ക് വിധേയമാകുന്നു. നോര്‍വേയിലെ സ്വാല്‍ബാര്‍ഡ്, ജാന്‍മായന്‍ എന്നീ ദ്വീപസമൂഹങ്ങളില്‍, ധ്രുവ രാത്രി ഏകദേശം 111 ദിവസം നീണ്ടുനില്‍ക്കും, ഒക്ടോബര്‍ 26 ന് സൂര്യന്‍ അസ്തമിക്കുകയും ഫെബ്രുവരി 15 വരെ ഉദിക്കാതിരിക്കുകയും ചെയ്യും.

നോര്‍വേയിലെ ഏറ്റവും വലിയ വടക്കന്‍ നഗരമായ ട്രോംസോ പോലും നവംബര്‍ 27 മുതല്‍ ജനുവരി പകുതി വരെ 49 ദിവസത്തെ സൂര്യപ്രകാശമില്ലാത്ത അവസ്ഥ അനുഭവിക്കുന്നു. അലാസ്‌കയിലെ ഉത്കിയാഗ്വിക് നവംബര്‍ പകുതി മുതല്‍ ജനുവരി അവസാനം വരെ 65 ദിവസത്തെ ധ്രുവ രാത്രിയെ അഭിമുഖീകരിക്കുന്നു. റഷ്യയില്‍, മര്‍മാന്‍സ്‌ക് ഏകദേശം 40 ദിവസം നീണ്ടുനില്‍ക്കും, അതേസമയം ഗ്രീന്‍ലാന്‍ഡിന്റെ ഇലുലിസാറ്റില്‍ ഒക്ടോബര്‍ അവസാനം മുതല്‍ നീണ്ട ഇരുട്ട് കാണുന്നു.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് മൂലമാണ് ഈ ഇരുട്ട് കാലഘട്ടങ്ങള്‍ ഉണ്ടാകുന്നത്, ഇത് ശൈത്യകാലത്ത് ധ്രുവപ്രദേശങ്ങളില്‍ സൂര്യന്‍ ചക്രവാളത്തിന് താഴെയായി തുടരാന്‍ കാരണമാകുന്നു. ഓരോ അര്‍ദ്ധഗോളത്തിലും ശൈത്യകാലം അവസാനിക്കുന്ന സമയത്ത്, ധ്രുവം സൂര്യനില്‍ നിന്ന് അകന്നുപോകുന്നു, ഇത് സൂര്യപ്രകാശം ചക്രവാളത്തിന് മുകളിലൂടെ എത്തുന്നത് തടയുന്നു. ധ്രുവങ്ങളിലേക്ക് ഒരാള്‍ കൂടുതല്‍ ദൂരം നീങ്ങുമ്പോള്‍, ഈ നിശാ ഭ്രമം കൂടുതല്‍ നേരം നീണ്ടുനില്‍ക്കും.