രാവിലെ ഉണ്ടാകുന്ന തലകറക്കം നിത്യജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഇതുമൂലം യാത്രകള്‍ക്കും മറ്റും തയാറെടുക്കുന്നവര്‍ക്ക് അത് മാറ്റി വയ്ക്കേണ്ടിവരുന്നു. വാഹനമോടിക്കാനും ഓഫീസ് ജോലികള്‍ക്കും ഇത് തടസമുണ്ടാക്കും. ഇങ്ങനെ രാവിലെ ഉണ്ടാകുന്ന തലകറക്കത്തിന് പിന്നില്‍ ഗൗരവമേറിയ ആരോഗ്യപ്രശ്നമായിരിക്കില്ല. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം നിസാരമാക്കരുത്. മിക്കാവറും നാല്‍പ്പതു കഴിഞ്ഞവരിലാണ് രാവിലെയുള്ള തലകറക്കം കണ്ടുവരുന്നത്. ഇത് പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം.
രക്തക്കുറവും ചെവിയുടെ തകരാറും
ആന്തരകര്‍ണത്തിലെ തകരാര്‍, രക്തക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയാണ് രാവിലെ അനുഭവപ്പെടന്ന തലകറക്കത്തിന് പ്രധാന കാരണം. കൂടാതെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, തലച്ചോറിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവയും തലകറക്കത്തിന് കാരണമാകാം. ഉറങ്ങിയെണീറ്റ ഉടന്‍ നടക്കാതെ കിടക്കയില്‍ ഇരുന്നു കൊണ്ട് കുറച്ചുനേരം കൈകാലുകള്‍ മടക്കിനിവര്‍ത്തി സാവധാനം എഴുന്നേറ്റാല്‍ തലകറക്കം ഒരു പരിധിവരെ നിയന്ത്രിണ വിധേയമാക്കാന്‍ സാധിക്കും.
മറ്റ് രോഗങ്ങള്‍
തലകറക്കത്തിനൊപ്പം ഓര്‍മ്മക്കുറവ്, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം. പ്രമേഹം, രക്താതിസമ്മര്‍ദം, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളും തലകറക്കത്തിന് കാരണമാകാം. എത്രയും വേഗം ഒരു ഫിസിഷന്റെ നിര്‍ദേശപ്രകാരം രോഗ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാവും അഭികാമ്യം.