ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുമെന്നപ്പോലെ ത്വക്കിനെയും കാന്‍സര്‍ പിടികൂടാം. എന്നാല്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ചര്‍മ്മത്തിലെ കാന്‍സറിന്റെ പ്രധാന പ്രത്യേകത രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാകുമെന്നതാണ്.
കാന്‍സറിന്റേതായ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് ഗൗരവമായി എടുക്കാതിരിക്കുന്നതാണ് രോഗതീവ്രത കൂട്ടുന്നത്. ചര്‍മ്മത്തിലെ കാന്‍സറുകള്‍ പൊതുവേ അപകടകാരിയല്ലെങ്കിലും, ചിലത് മാരകമാണ്.
അനിയന്ത്രിതമായ കോശവളര്‍ച്ച തന്നെയാണ് ചര്‍മ്മത്തിലെ കാന്‍സറിന്റെയും കാരണം. മെലനോമ, ചര്‍മ്മത്തിലെ മറ്റു കാന്‍സറുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി ചര്‍മ്മത്തിലെ കാന്‍സറിനെ തിരിക്കാം.
മെലനോമ
ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് മെലനോമ. വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന മറുകുകള്‍, പുതുതായി ഉണ്ടാകുന്ന വളരുന്ന മറുകുകള്‍ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കാലിലും കൈകളിലുമാണ് ഇത്തരം മറുകുകള്‍ കൂടുതലായും കാണപ്പെടുന്നത്.
ശരീരത്തിനു നിറം നല്‍കുന്ന മെലനോസൈറ്റ് എന്ന കോശത്തിലാണ് ഈ കാന്‍സര്‍ രൂപംകൊള്ളുന്നത്. തൊലിപ്പുറത്ത് തുടങ്ങുന്ന ഈ കാന്‍സര്‍ ആരംഭത്തിലേ കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദമാണെങ്കിലും ആന്തരികാവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച് രോഗ തീവ്രതയും കൂടുന്നു. റേഡിയേഷനും സര്‍ജറിയുമാണ് ചികിത്സ.
ബെയ്‌സല്‍സെല്‍ കാഴ്‌സിനോമ
ശരീരത്തിന്റെ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പ്രധാനമായും കവിളിലും മൂക്കിലും. കാണപ്പെടുന്ന ചെറിയ പാടുകളും ഉണങ്ങാത്ത മുറിവുകളുമാണ് ഇതിന്റെ ലക്ഷണം.
സാധാരണയായി 70 വയസിനു മുകളിലുള്ളവരിലാണ് ബെയ്‌സല്‍സെല്‍ കാഴ്‌സിനോമ കണ്ടുവരുന്നത്. ഇത് ചികിത്സയിലൂടെ പൂര്‍ണമായും മാറ്റാമെങ്കിലും ഗുരുതരമായ അവസ്ഥയില്‍ ശസ്ത്രക്രിയ്‌ക്കൊപ്പം റേഡിയേഷനും ആവശ്യമായി വരുന്നു. മറ്റെല്ലാ കാന്‍സറിനുമെന്നപോലെ ബയോപ്‌സിയിലൂടെ രോഗനിര്‍ണയം സാധ്യമാണ്്.
ലിംഫോമ
ത്വക്കിന്റെ അനുബന്ധ ഭാഗങ്ങളില്‍ കണ്ടുവരുന്ന മുഴകളാണ് ഈ കാന്‍സറിന്റെ ആരംഭം വിളിച്ചറിയിക്കുന്നത്. എന്നാല്‍ എല്ലാ മുഴയും ലിംഫോമയാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.
പുതുതായി പ്രത്യക്ഷപ്പെടുന്ന, വളരുന്ന വേദനയുള്ള മുഴകളാണ് ഇതിന്റെ ലക്ഷണം. പഴുപ്പിന്റെ ലക്ഷണമില്ലാത്ത മുഴകളായിരിക്കും ഇവ. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന ഈ അര്‍ബുദം ശരീരത്തിന്റെ ഏതു ഭാഗത്തും വരാം.
വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു അര്‍ബുദം കൂടിയാണ് ലിംഫോമ. അപകടകാരിയാണെങ്കിലും ആരംഭത്തിലേ കണ്ടെത്തിയാല്‍ ശമനം ലഭിക്കുന്നതാണ്. റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയുമാണ് ചികിത്സാരീതികള്‍.
വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ചര്‍മ്മത്തിന്റെ പ്രത്യേകതയും ജീവിതരീതിയുംമൂലം ത്വക്കിലെ കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നു ശതമാനം മാത്രമാണ്. പ്രായമാകുംന്തോറും കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുന്നു.
പ്രതിരോധശക്തിയില്‍ വരുന്ന കുറവാണ് കാരണം. അനിയന്ത്രിതമായി വിഭജിക്കുകയും വളരുകയും ചെയ്യുന്ന ഒരു കൂട്ടം കോശങ്ങളാണ് കാന്‍സറിനു കാരണമായിത്തീരുന്നത്.
മുന്നറിയിപ്പുകള്‍
- ചര്‍മ്മത്തിലെ കാന്‍സറുകള്‍ സ്വയം പരിശോധനയിലൂടെ ആരംഭത്തിലേ കണ്ടെത്താന്‍ കഴിയും. അതിനാല്‍ സ്വയം പരിശോധന ഒഴിവാക്കാതിരിക്കുക.
- ചര്‍മ്മത്തിന്റെ പെട്ടെന്നുള്ള നിറവ്യത്യാസം പാടുകള്‍ എന്നിവ അവഗണിക്കാതിരിക്കുക.
- ശരീരത്തിന്റെ പുറമേ കാണപ്പെടുന്ന വേദനയുള്ളതും പഴുപ്പിന്റെ അംശം ഇല്ലാത്തതുമായ മുഴകള്‍.
- കരിയാന്‍ വൈകുന്ന വ്രണങ്ങള്‍.
- ത്വക്കില്‍ കാണുന്ന മറുകുകളുടെ രൂപത്തിലോ വലിപ്പത്തിലോ വരുന്ന മാറ്റം.




