Healthy Food

കരള്‍ ശുദ്ധീകരിക്കും, വിഷാംശം പുറന്തള്ളും; പടവലങ്ങ നിസാരക്കാരനല്ല

പലരും പടവലങ്ങ വിരോധികളാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പടവലങ്ങയെ വിടില്ല. നാം അധികമൊന്നും ഇഷ്ടപ്പെടാത്ത പടവലങ്ങയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പടവലങ്ങ കരള്‍ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ചെയ്യുന്നു.

വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം കൂട്ടുന്നു. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളിലൊന്നാണ് പടവലങ്ങ.

ചൂടുകാലത്ത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടലവങ്ങ സഹായിക്കും. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്. പടലവങ്ങയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് പല രോഗങ്ങളെയും അകറ്റിനിര്‍ത്തുന്നു.

പഥ്യം ഉള്ളപ്പോള്‍ കഴിക്കാവുന്ന അപൂര്‍വം ചില പച്ചക്കറികളില്‍ പടലവങ്ങയും ഉള്‍പ്പെടുന്നു. പടവലങ്ങാനീര് കുടിക്കുന്നത് പനി കുറയാന്‍ നല്ലതാണ്. കൂടാതെ കഫം പുറന്തള്ളാനും സഹായിക്കും. ശ്വാസകോശത്തിലെ അസ്വസ്ഥതകള്‍ മാറും. സൈനസ് പ്രശ്‌നത്തിന് പരിഹാരമാണ്.

സമ്പൂര്‍ണ ആരോഗ്യത്തിന്

പടവലങ്ങയുടെ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നു. വൈറസില്‍ നിന്നും അണുക്കളില്‍ നിന്നുമൊക്കെ ശരീരത്തെ സംരക്ഷിക്കുന്നു.

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു. പതിവായി പടവലങ്ങ കഴിക്കുന്നത് രക്തസമ്മര്‍ദം സന്തുലനാവസ്ഥയിലാക്കുകയും ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പടവലങ്ങയില്‍ ജലാംശം കൂടുതലുണ്ട്. ഇത് ശരീരത്തിലാകമാനം തണുപ്പും കുളിര്‍മ്മയും പ്രദാനം ചെയ്യുന്നു.

പടവലങ്ങാ നീര് കുടിക്കുന്നതും ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. പടവലങ്ങയില്‍ മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറലുകള്‍ മുതലായവ അടങ്ങിയിരിക്കുന്നു. ഈ മിനറലുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.

എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നു. പല്ലുകള്‍ ബലവും ഉറപ്പും ഉള്ളതാക്കിത്തീര്‍ക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ പടവലങ്ങാനീര് കുടിച്ചാല്‍ മതിയാകും. ഇത് കുടിക്കുന്നത് മൂലം മൂത്രം ധാരാളമായി പോകും. തന്മൂലം ശരീരം ശുദ്ധീകരിച്ചു കിട്ടും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാന്‍ പടവലങ്ങ സഹായിക്കും. കൂടാതെ മുടിക്ക് ബലം പ്രദാനം ചെയ്യുന്നു. മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പടവലങ്ങാ നീര് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുന്നത് താരനെ അകറ്റാന്‍ ഉത്തമമാണ്.

പ്രമേഹമുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണിത്. ഒരു കപ്പ് പടവലങ്ങാനീരും കുറച്ച് തൈരും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേച്ചാല്‍ തിളക്കം കിട്ടും. തലയില്‍ തേയ്ക്കുന്നത് താരനെ അകറ്റിനിര്‍ത്താം. പടവലങ്ങാ നീര് തലയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

തലചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ ഒരു കഷണം പടവലങ്ങകൊണ്ട് ചെറിച്ചിലുള്ളിടത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്താല്‍ മതിയാകും. താരന്‍ മാറ്റാനും ഈ പ്രയോഗം നടത്താം. ശേഷം തണുത്ത വെള്ളംകൊണ്ട് കഴുകുകയും വേണം. ഒരു കപ്പ് പടവലങ്ങാനീരില്‍ കുറച്ച് തൈരും ചേര്‍ത്ത് മുടിയില്‍ തേയ്ക്കുക. അല്പം കഴിഞ്ഞ് മുടി കഴുകിക്കളയുക. മുടിക്ക് തിളക്കം ലഭിക്കും.

ചര്‍മ്മ സംരക്ഷണത്തിന്
ആരോഗ്യം മെച്ചപ്പെടാന്‍ മാത്രമല്ല, സൗന്ദര്യോപാധിയായും പടവലങ്ങ ഉപയോഗിക്കാം. പടവലങ്ങയുടെ നീര് ഈര്‍പ്പം പ്രദാനം ചെയ്യുന്നു. അതിനാല്‍ ചര്‍മ്മത്തിലും തലയിലുമൊക്കെ പുരട്ടിയാല്‍ ചര്‍മ്മ വരള്‍ച്ച ഉണ്ടാകില്ല. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പടവലങ്ങാനീരിന് കഴിയും.

പടവലങ്ങയില്‍ ജീവകം സി ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതൊരു നാച്ചുറല്‍ ആന്റിഓക്‌സിഡന്റാണ്. പ്രായമാകുന്നതിന്റെ അടയാളമായി ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടും.

പടവലങ്ങ ആന്റി ഓക്‌സിഡന്റായതിനാല്‍ പ്രായത്തെ അല്പമൊന്ന് കുറച്ച് കാണിക്കാന്‍ സാധിക്കും. സൂര്യന്റെ അതികഠിനമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും.