ഭക്ഷണത്തിലെ അമിതമായ പഞ്ചസാര ശരീരത്തില്‍ പ്രമേഹം ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം മാത്രമല്ല, ശരീരത്തില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അവയെ കുറിച്ച് മനസിലാക്കാം…..
രോഗപ്രതിരോധ സംവിധാനം – ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍ക്കും കാരണമാകാം.
പ്രമേഹവും പിസിഒഎസും – അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ശരീരഭാരം – പഞ്ചസാരയില്‍ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതില്‍ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വര്‍ധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുള്‍പ്പെടെ മാരകമായ പല രോഗങ്ങളിലേക്ക് ഇത് നയിക്കും.
ചര്‍മത്തിന് അകാല വാര്‍ദ്ധക്യം – പഞ്ചസാരയുടെ അമിത ഉപഭോഗം ചര്‍മത്തിന്റെ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷന്‍ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകള്‍ക്കും തൂങ്ങലിനും കാരണമാകും.
ഹൃദ്രോഗ സാധ്യത – പഞ്ചസാരയുടെ ഉയര്‍ന്ന ഉപഭോഗം രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്‌ട്രോള്‍ നില വര്‍ധിപ്പിക്കുന്നു. കൂടാതെ ആതെറോസ്‌ക്ലെറോസിസ് സാധ്യതയും വര്‍ധിപ്പിക്കുന്നു.
മാനസികാരോഗ്യം – മധുരം കഴിക്കുമ്പോള്‍ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു.




