Featured Healthy Food

കുട്ടികളിൽ ഓർമശക്തിയും വളര്‍ച്ചയും വർധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ, ശീലമാക്കാം!…

കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിയ്ക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം കുട്ടികള്‍ക്കായി നല്‍കേണ്ടത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയാണുള്ളത്. ടിവിയില്‍ കാണുന്ന അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം….

തൈര് – നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് തലച്ചോറിന്റെ വികാസത്തിനും ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കും. തൈരില്‍ ധാരാളം പ്രോബയോട്ടിക്കുകള്‍ ഉണ്ട്. ഇവ ഉദരാരോഗ്യം ശക്തിപ്പെടുത്തും. മനോനില മെച്ചപ്പെടുത്താനും മാനസികമായ വ്യക്തത ലഭിക്കാനും തൈര് സഹായിക്കും. തൈരിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

മഞ്ഞള്‍ – ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കും. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍, വളരുന്ന കുട്ടികളില്‍ പഠനത്തിനുള്ള കഴിവ് വര്‍ധിപ്പിക്കും. പച്ചക്കറികളിലും സൂപ്പിലും മാംസാഹാരങ്ങളിലും ഒരു നുള്ള് മഞ്ഞള്‍ ഇടാം. ഇത് കുട്ടികളിലെ ബൗദ്ധികാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും.

നെയ്യ് – വളരുന്ന കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും ആരോഗ്യകരമായ ഒരു ഭക്ഷണമാണ് നെയ്യ്. നാടന്‍ നെയ്യില്‍ ഒമേഗഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ കോശങ്ങളെ പുഷ്ടിപ്പെടുത്തുകയും ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിലെ കോശങ്ങള്‍ക്ക് ആരോഗ്യമേകുന്ന ഒമേഗ 3, ഒമേഗ 9 ഫാറ്റി ആസിഡുകള്‍ക്കൊപ്പം ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നെയ്യില്‍ ധാരാളമായുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവയും നെയ്യില്‍ ഉണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍, പരിപ്പ്, റോട്ടി, ചോറ് ഇവയുടെയൊപ്പം ദിവസവും ഒരു ടീസ്പൂണ്‍ നെയ്യും ഉള്‍പ്പെടുത്താവുന്നതാണ്.

ബദാം – കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിന്‍ ഇ യും ബദാമില്‍ ധാരാളമുണ്ട്. ബദാമില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നാഡികളുടെ ആരോഗ്യത്തിനും സഹായിക്കുന്ന റൈബോഫ്‌ലേവിന്‍, എല്‍ കാര്‍നിറ്റൈന്‍ എന്നിവ ഉണ്ട്. ഇത് കുട്ടികളിലെ ഓര്‍മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തും. ഈ പോഷകങ്ങള്‍ ഓര്‍മശക്തി നിലനിര്‍ത്തുകയും ഓക്‌സീകരണസമ്മര്‍ദത്തില്‍ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ബദാം രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം പിറ്റേന്ന് കഴിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.

ബജ്‌റ, മില്ലറ്റ് – തണുപ്പുകാലത്തെ ഒരു സൂപ്പര്‍ ഫുഡ് ആണ് ബജ്‌റ. തലച്ചോറിന്റെ വികാസത്തിന് ഇത് സഹായിക്കും. ബി വൈറ്റമിനുകള്‍ പോലുള്ള അവശ്യ പോഷകങ്ങള്‍ ബജ്‌റയിലുണ്ട്. തലച്ചോറില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനും ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. മില്ലറ്റുകള്‍ സാവധാനത്തില്‍ മാത്രമേ ഊര്‍ജം പുറന്തള്ളുകയുള്ളൂ. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. മില്ലറ്റിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍, തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാതെ സംരക്ഷിക്കുന്നു.

വാള്‍നട്ട് – കുട്ടികളിലെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വാള്‍നട്ട്. ഇതില്‍ ധാരാളം ഒമേഗ ഫാറ്റി ആസിഡ് ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. വൈറ്റമിന്‍ ഇ, ബി, ഫോളേറ്റ്, മറ്റ് ധാതുക്കള്‍ എന്നിവയും വാള്‍നട്ടിലുണ്ട്. ബൗദ്ധിക വളര്‍ച്ചയ്ക്കും ഓര്‍മശക്തി വര്‍ധിപ്പിക്കാനും നാഡികളുടെ ആരോഗ്യത്തിനും വാള്‍നട്ട് സഹായിക്കും. വാള്‍നട്ടില്‍ ഫ്‌ലേവനോയ്ഡുകളും പ്രോട്ടീന്‍ പെപ്‌റ്റൈഡുകളും ഉണ്ട്. ഇവ ഒരുമിച്ച് ചേര്‍ന്ന് ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കും.