വഡോദര: ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്പതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം മാപ്പെഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ ഏറ്റവും വലിയ നവരാത്രി ആഘോഷങ്ങളിൽ ഒന്നായ യുണൈറ്റഡ് വേ ഗർഭ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച വീഡിയോയിൽ, പ്രതീക് പട്ടേൽ എന്നയാളും ഭാര്യയും, ആളുകൾ ചുറ്റും നൃത്തം ചെയ്യുമ്പോൾ ഗർഭ ഗ്രൗണ്ടിൽ വെച്ച് ചുംബിക്കുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്.
ഗര്‍ബ നൃത്തത്തിനെത്തിയ ദമ്പതിമാര്‍ ചടങ്ങ് നടക്കുന്ന വേദിയില്‍വെച്ച് പരസ്പരം ചുംബിക്കുന്നതിന്റെ ഒട്ടേറെ രംഗങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ വിവാദമായതോടെ ദമ്പതിമാര്‍ക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു.
ദമ്പതിമാരുടെ പ്രവൃത്തികള്‍ അശ്ലീലമാണെന്നും ഇത് നവരാത്രി ആഘോഷങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തുന്നതാണെന്നും പലരും വിമര്‍ശനമുന്നയിച്ചു. ദമ്പതിമാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. വീഡിയോ വൈറലായതോടെ ഗര്‍ബ ചടങ്ങിന്റെ സംഘാടകരും ദമ്പതിമാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ദമ്പതിമാര്‍ വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി മാപ്പെഴുതി നല്‍കിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ഇരുവരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗര്‍ബ നൃത്തം. പരമ്പരാഗതരീതിയില്‍ ഡണ്ഡിയ വടികളും കൈയിലേന്തിയുള്ള ഗര്‍ബ നൃത്തച്ചുവടുകള്‍ ഏറെ ആകര്‍ഷകമാണ്.
ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ദമ്പതികൾ നിലവിൽ അവർ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനുമായാണ് അവർ ഇന്ത്യയിലെത്തിയത്. പ്രതീക് പട്ടേൽ വഡോദരയിലെ മഞ്ജൽപൂരിൽ നിന്നുള്ളയാളാണ്, ഭാര്യ ആനന്ദിൽ നിന്നുള്ളയാളാണ്. ക്ഷമാപണം നടത്തിയ ശേഷം ദമ്പതികൾ അടുത്ത ദിവസം തന്നെ ഇന്ത്യ വിട്ട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്.




