Oddly News

ഈ വധൂവരന്മാരോട് ഇത്രക്ക് വേണ്ടായിരുന്നു; ജര്‍മനിയിലെ വിചിത്രമായ വിവാഹാചാരം !

ഒരോ നാടിനും അവരുടേതായ വ്യത്യസ്ത ആചാരങ്ങളുണ്ടാകും . അതില്‍ പലതും വളരെ വിചിത്രമായിട്ടുള്ളതാവും. അത്തരത്തില്‍ വിചിത്രമായ ഒരു വിവാഹാചാരം ജര്‍മനിയിലുമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാത്രങ്ങള്‍ പൊട്ടിക്കും. പിന്നീട് വധുവും വരനും ചേര്‍ന്ന് അത് വൃത്തിയാക്കണം. ഒരുമിച്ചുള്ള ജീവിതത്തില്‍ വിള്ളലുകളുണ്ടാവുന്നത് സ്വഭാവികമാണ് എന്നാല്‍ അത് തകര്‍ക്കാന്‍ ആരും ശക്തരല്ലായെന്നാണ് ഈ ആചാരത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്.

പാത്രങ്ങള്‍ പൊട്ടുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ദുരാത്മാക്കളെ ഭയപ്പെടുത്തുമെന്നും പൊട്ടിയ പാത്ര കഷ്ണങ്ങള്‍ ഭാഗ്യം കൊണ്ടുവരുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. ആദ്യ കാലങ്ങളില്‍ വിവാഹത്തിന്റെ തലേ ദിവസം അര്‍ദ്ധരാത്രിവരെയാണ് പോള്‍ച്ചറബെന്‍സ് ആചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കല്ല്യാണത്തിന് ഒരാഴ്ച്ച മുമ്പ് വരെ ആഘോഷിക്കും. വധുവിന്റെ മാതാപിതാക്കളുടെ വീട്ടിലാണ് ഇത് ആഘോഷിക്കാറ്. എന്നാല്‍ ഇപ്പോള്‍ ഇതിനായി ആഡംബര സ്‌റ്റേജുകളും പന്തലുകളും നിര്‍മിക്കാറുണ്ട്.

ഈ ആഘോഷത്തിലേക്ക് ആര്‍ക്കും കടന്നുവരാം. കപ്പോ, സോസറോ, പാത്രങ്ങളോ എന്തിന് പൂച്ചട്ടികളോ, സെറാമിക് ടൈലുകള്‍ വരെ കൊണ്ടുവരാം.പൊട്ടിയ പാത്രങ്ങള്‍ വധുവും വരനും ചേര്‍ന്ന് വൃത്തിയാക്കുന്നത് വളരെ കൗതുകമുണര്‍ത്തുന്ന കാഴ്ച്ചയാണ്. ജീവിതത്തിലും ദാമ്പത്യത്തിലും ഏതൊരു പ്രതിസന്ധികളിലും അവര്‍ ഒന്നായി പ്രവര്‍ത്തിക്കുമെന്നാണ് ഇതിലൂടെ പ്രതീകമാക്കുന്നത്.