പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്‌ട്രെസ് വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാന്‍ തോന്നുന്ന സ്വഭാവം. സ്‌ട്രെസ് മനസ്സിനെ ബാധിച്ചാല്‍ പിന്നെ എന്തെങ്കിലും കഴിക്കാന്‍ അമിതമായി ആര്‍ത്തി തോന്നുന്നതാണ് സ്‌ട്രെസ് ഈറ്റിങ്. യഥാര്‍ത്ഥത്തിലുള്ള വിശപ്പു കാരണമല്ല, വൈകാരികമായ തോന്നലിന് അടിമപ്പെട്ടാണ് ഇങ്ങനെ വരുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്.
ഇത് ഇമോഷനല്‍ ഈറ്റിങ് എന്നും പറയപ്പെടുന്നു. സമ്മര്‍ദം വല്ലാതെ കൂടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണും ഇങ്ങനെ വിശപ്പ് തോന്നാന്‍ കാരണമാകുന്നുണ്ട്. സ്‌ട്രെസ് ഈറ്റിങ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നതിനാല്‍ തന്നെ ഇതിനെ തിരിച്ചറിയുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യാം…..
ഹെല്‍ത്തി ഡയറ്റ് ശീലമാക്കുക. പ്രലോഭനം തോന്നുന്ന, അമിത കൊഴുപ്പും മധുരവുമുള്ള സാധനങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ചിപ്‌സ് ഇതെല്ലാം വീട്ടില്‍ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്. ഇമോഷനല്‍ സ്‌ട്രെസ് ഉള്ള സമയത്ത് കടയില്‍ പോയാലും ഇങ്ങനെ കൊതി തോന്നുന്ന ആഹാരം വാങ്ങി കൂട്ടാം. അതു കാരണം അത്തരം സമയത്ത് ഗ്രോസറി ഷോപ്പില്‍ പോകാതിരിക്കുക.
നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കാനുള്ള കാരണങ്ങള്‍ തിരിച്ചറിയുകയെന്നതാണ്. ആ സാഹചര്യങ്ങളെ പൊസിറ്റീവായി നേരിടുകയും ഒഴിവാക്കുകയും ചെയ്യുക. വ്യായാമം സ്‌ട്രെസ് കുറയ്ക്കും. സ്ഥിരമായ വ്യായാമം ദിവസവും കൃത്യമായി ചെയ്യുക. ഇത് ശരീരത്തില്‍ നല്ല ഹോര്‍മോണുകളെ ഉണ്ടാക്കുന്നു. വ്യായാമത്തിനായി ജിമ്മിലൊന്നും പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ശാരീരികമായ അധ്വാനം വരുന്ന ജോലികള്‍- ഗാര്‍ഡനിങ്, ക്ലീനിങ്, നടത്തം ഇതെല്ലാം പതിവാക്കാം. ഒരു തരത്തിലും സമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സേവനം തേടാം. നല്ല സുഹൃത്തുക്കളോട് മനസ്സു തുറന്ന് സംസാരിച്ച് പോംവഴി ആരായാം.
ഫുഡ് ഡയറി എഴുതാം. നിങ്ങള്‍ എപ്പോള്‍ ഫൂഡ് കഴിക്കുന്നു, എന്തു കഴിക്കുന്നു.. ആ ഫൂഡ് കഴിച്ചത് പെട്ടെന്നുള്ള ആര്‍ത്തി കൊണ്ടാണോ ഇതെല്ലാം രേഖപ്പെടുത്തി ഒരു ഫൂഡ് ഡയറി എഴുതി നോക്കൂ. പോഷക ഗുണമില്ലാത്ത ആഹാരം കഴിക്കുന്നതും ആര്‍ത്തി കൊണ്ട് കഴിക്കുന്നതും എല്ലാം ഈ ഡയറി പിന്നീട് വായിച്ചു നോക്കിയാല്‍ മനസ്സിലാക്കാം. ഇത് തെറ്റായ ആഹാരശീലം തിരുത്താന്‍ സഹായിക്കും. മനസ്സിന്റെ പെട്ടെന്നുള്ള തോന്നലുകള്‍ക്കു വഴങ്ങി ഭക്ഷിക്കാതെ, ശരീരത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനായി ഭക്ഷണം കഴിക്കാന്‍ അങ്ങനെ സാധിക്കും.
മൈന്‍ഡ്ഫുള്‍നെസ് ശീലിക്കാം. മനസ്സിനെ ശാന്തമാക്കാനും നിയന്ത്രിക്കാനും യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും സാധിക്കും. ഡീപ് ബ്രീത്തിങ് കുറച്ചു സമയം ചെയ്യുന്നത് പതിവാക്കാം. പതുക്കെ മൈന്‍ഡ് ഫുള്‍നെസ് സ്വായത്തമാക്കാനാവും. അപ്പോള്‍ എന്തു കാര്യം ചെയ്താലും പൂര്‍ണ മനസ്സോടെ ചെയ്യാന്‍ കഴിയും. വൈകാരികമായ ക്രേവിങ് തോന്നി ഭക്ഷണം കഴിക്കുന്ന ശീലം അങ്ങനെ അകറ്റാന്‍ സാധിക്കും.
നെഗറ്റീവ് ഫീലിങ്‌സ്, നെഗറ്റീവ് സെല്‍ഫ് ടോക്ക് ഇവ പൂര്‍ണമായും ഒഴിവാക്കുക. നെഗറ്റീവ് ഫീലിങ്‌സ് വരുമ്പോള്‍ അതിനിടകൊടുക്കാതെ പൊസിറ്റീവ് കാര്യങ്ങളിലേക്ക് തിരിയുക. പാട്ടു കേള്‍ക്കുക, പൊസിറ്റീവ് വിഡിയോസ് കാണുക, വായിക്കുക ഇതൊക്കെ നല്ലതാണ്. വെറുതെയിരിക്കാതെ ഗുണകരമായ ആക്ടിവിറ്റികളില്‍ മുഴുകുക. ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് ജേര്‍ണല്‍ എഴുതുക. ഭാവിയിലേക്കുള്ള കാര്യങ്ങളും പ്ലാന്‍ ചെയ്യുക.