മോഷണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കടയിൽ കയറി കവർച്ചക്ക് ശ്രമിച്ച മോഷ്ടാവിനെ അതിവിധഗ്ദമായി നേരിടുന്ന ഒരു കൂട്ടം ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. തോക്കുമായി ഒരു മോഷ്ടാവ് ഒരു വാണിജ്യ ഔട്ട്‌ലെറ്റിലേക്ക് നടന്നു കയറുന്നതും തുടർന്ന് നടക്കുന്ന സംഭവ വികസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോയുടെ തുടക്കത്തിൽ സംശയാസ്പദമായ ഒരു തൊപ്പി ധരിച്ച്, നാല് ആളുകൾ രണ്ട് സോഫകളിലായി വിശ്രമിക്കുന്ന സ്ഥലത്തേക്ക് മോഷ്ടാവ് തോക്കുമായി ഇരച്ചുകയറുന്നതാണ് കാണുന്നത്. തുടർന്ന് അവിടെ ഇരിക്കുന്ന വ്യക്തികൾക്ക് നേരെ തോക്ക് ചൂണ്ടി മോഷ്ടാവ് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെടുകയാണ്. അവരുടെ മൊബൈൽ ഫോണുകളും വാച്ചും തനിക്ക് കൈമാറാൻ ആയുധധാരി ആവശ്യപെടുന്നു. തുടക്കത്തിൽ വിമുഖത കാണിച്ച അവർ ഒടുവിൽ കവർച്ചക്കാരന്റെ ഭീഷണിക്ക് വഴങ്ങി അത് കൈമാറുന്നു.
തുടർന്ന് കവർച്ചക്കാരൻ സ്ഥാപനത്തിനുള്ളിലെ മറ്റൊരു മുറിയിലേക്ക് കയറുന്നത് കാണാം. ഈ സമയം സോഫയിലിരുന്ന രണ്ട് പുരുഷന്മാർ പുറത്തേക്ക് ഓടുമ്പോൾ മറ്റുരണ്ടുപേരും പുറത്തേക്കിറങ്ങിവന്ന മോഷ്ടാവിനെ കീഴടക്കുകയും ഒരു മൂലയിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു.
തുടർന്ന് മോഷ്ടാവിനെ നിരായുധനാക്കുകയും അവൻ്റെ തോക്ക് പിടിച്ചെടുക്കുകയും ചെയ്യുന്നു. ഈ സമയം വിവരം അറിഞ്ഞു ഒരു പത്തിരുപതു പേർ കടയിലേക്ക് ഓടിയെത്തുകയും കവർച്ചക്കാരനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്യുന്നു. വീഡിയോ വൈറലായതോടെ യുവാക്കളുടെ ധീരതയെയും ഐക്യത്തെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.