വിവാഹ ചടങ്ങുകൾ ഏറ്റവും ആഡംബര പൂർണമായി നടത്താൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി എത്ര പണം ചിലവഴിച്ചും വിവാഹം വെറൈറ്റി ആകാൻ ആളുകൾ ശ്രമിക്കാറുണ്ട്. പണ്ടൊക്കെ വിവാഹത്തിൽ മതപരവും പരമ്പരാഗതവുമായ ചടങ്ങുകൾക്കാണ് ആളുകൾ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ ഇന്ന് വിവാഹം എങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലാക്കണമെന്നാണ് ആളുകളുടെ ചിന്ത. പ്രത്യേകിച്ചും ജൻ z ദമ്പതികൾ സിനിമാ രംഗങ്ങളോട് സാമ്യമുള്ള ആഡംബര ക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഫയർ തോക്കുകളുടെ ഉപയോഗമാണ്. ഏറ്റവും ജനപ്രിയമായ പ്രവണതയും ഇതുതന്നെയാണ്. എന്നാൽ ചിലപ്പോൾ, ഈ ഫയർ തോക്കുകൾ കുഴപ്പങ്ങൾക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സമാനമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ വധൂവരന്മാർ കാറിന്റെ മേൽക്കൂരയിൽ തോക്കുകൾ പിടിച്ച് നിൽക്കുന്നതാണ് കാണുന്നത്. എന്നാൽ വധു തോക്കുകൊണ്ട് വെടിയുതിർത്തപ്പോൾ അത് പൊട്ടിത്തെറിക്കുന്നു. തുടർന്ന് തീ ആളിപ്പടരുകയും ഒരു തീപ്പൊരി നേരെ വരന്റെ തലപ്പാവിലേക്ക് പറക്കുകയും അത് തൽക്ഷണം തീ പിടിക്കുകയും ചെയ്യുന്നു. എന്നാൽ തലപ്പാവിന് തീപ്പിടിച്ചത് അറിയാതെ വരൻ വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിൽ ഇരിക്കുകയാണ്. എന്നാൽ അതിഥികൾ വേഗം ഓടിയെത്തുകയും വരന്റെ തലയിൽ നിന്ന് കത്തുന്ന തലപ്പാവ് വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു.
@gharkekalesh എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോയോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ഒരു ഉപയോക്താവ് എഴുതി “എന്തൊരു മണ്ടത്തരം!” മറ്റൊരാൾ കൂട്ടിച്ചേർത്തത്, “ഇത്തരത്തിലുള്ള അശ്ലീലത ഒരാളുടെ ജീവൻ പോലും അപകടത്തിലാക്കും” എന്നാണ്..