വ്യത്യസ്തമായ ആംബിയന്‍സില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. രുചിയേറിയ ഭക്ഷണത്തോടൊപ്പം തന്നെ റെസ്റ്റുറന്റുകളുടെ ആംബിയന്‍സും ഇന്ന് ശ്രദ്ധിയ്ക്കുന്ന ഒരു ഘടകം തന്നെയാണ്. വ്യത്യസ്തമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ ഒരിടം ഒരുങ്ങിയിരിയ്ക്കുകയാണ്. ആകാശത്ത് ഇരുന്നുള്ള ഭക്ഷണം കഴിയ്ക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
100 അടി ഉയരത്തിലുള്ള ഒരു ‘സ്‌കൈ ഡൈനിങ്’ റെസ്റ്റോറന്റാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം ആകാശ ഡൈനിങ് ഒരുക്കുന്ന ഫ്‌ലൈ ഡൈനിങ് കമ്പനി തന്നെയാണ് ഈ അവസരവും ഒരുക്കുന്നത്. ഒഡിഷയിലെ പുരി നഗരത്തിലാണ് ഈ റെസ്‌റ്റോറന്റുള്ളത്. പുരിയിലെ ഹോട്ടല്‍ റിവേരയിലെ ലൈറ്റ്ഹൗസിനടുത്താണ് ഇത് ഉള്ളത്. ഒരു ക്രെയിനില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിലിരുന്നാണ് ഭക്ഷണം കഴിക്കാന്‍ സാധിയ്ക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 12 മണി വരെ ഇവിടം തുറന്നിരിക്കും.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അവരുടെ ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടണം. ആളുകളുടെ പരമാവധി ഭാരം 100 കിലോഗ്രാമില്‍ കൂടാന്‍ പാടില്ല. സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാണ്. പ്രതികൂല കാലാവസ്ഥയോ മറ്റോ ഉണ്ടായാല്‍ സ്‌കൈ ഡൈനിങ് സെഷനുകള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഒരു സമയത്ത് 20 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍, ധാബ ശൈലിയിലുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ മെനുവുണ്ട്.
രണ്ടു രീതിയിലുള്ള നിരക്കുകളാണ് ഇവിടെ ഉള്ളത്. 1500 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഭക്ഷണം കിട്ടുന്ന പാക്കേജും, 1,100 രൂപയ്ക്ക് പരിമിതമായ ഭക്ഷണം കിട്ടുന്ന പാക്കേജുമാണ് ഉള്ളത്. ഓരോ ഡൈനിങ് സെഷനും ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട്, വൈവിധ്യമാര്‍ന്ന രുചികരമായ ഭക്ഷണവിഭവങ്ങളും ആസ്വദിക്കാം. ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളും പരിശോധനകളും കമ്പനി നടപ്പാക്കുന്നു. ഗര്‍ഭിണികള്‍, 5 വയസ്സിന് താഴെയുള്ള കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ അനുവദനീയമല്ല.