Oddly News

ലോകത്തിലെ ആദ്യത്തെ റൊബോട്ടുകളുടെ ബോക്‌സിങ്‌ മത്സരം, വൈറല്‍ വീഡിയോ

ലോകത്തിലെ ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിലുള്ള ആദ്യത്തെ കിക്ക്-ബോക്സിംഗ് മത്സരം. റോബോട്ടുകൾ ആവേശകരമായ മത്സരത്തിൽ ഏറ്റുമുട്ടി. സംഭവം കാണികളെ വളരെയധികം ആകർഷിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

4.4 അടി ഉയരം, 35 കിലോ ഭാരം. ചൈനയിലെ പുതിയ ഈ ബോക്‌സിങ്‌ താരങ്ങളുടെ പ്രത്യേകത ഇവിടെ തീരുന്നില്ല. റൊബോട്ടുകളുടെ ആദ്യ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ ചൈനയിലെ ഹാങ്‌ചൗവിലാണു തുടങ്ങിയത്‌. ഗ്ലൗസും സുരക്ഷാ ഹെല്‍മെറ്റും ധരിച്ച രണ്ട്‌ റൊബോട്ടുകള്‍ റിങ്ങില്‍ പരസ്‌പരം പോരാടുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മനുഷ്യ റഫറിയുടെ നിയന്ത്രണത്തിലായിരുന്നു മത്സരം.

തുടക്കത്തില്‍, എതിരാളി എവിടെയാണെന്ന്‌ കൃത്യമായി കാണാന്‍ രണ്ട്‌ റൊബോട്ടുകള്‍ക്കും കഴിഞ്ഞില്ല. മത്സരം പുരോഗമിക്കെ അവരുടെ കൃത്യതയും കൂടിവന്നു. അവര്‍ അതിവേഗം പഞ്ചുകളും കിക്കുകളും കൈമാറി. കാണികളുടെ അമ്പരപ്പ്‌ ആവേശത്തിനു വഴിമാറുന്നതും ദൃശ്യങ്ങളിലുണ്ട്‌. ശരാശരി എട്ടു വയസുള്ള കുട്ടിയുടെ വലിപ്പമായിരുന്നു ഇരു റൊബോട്ടുകള്‍ക്കും ഉണ്ടായിരുന്നത്‌. എന്നാല്‍, മത്സരത്തില്‍ തീരുമാനങ്ങളെടുത്തത്‌ റൊബോട്ടുകളായിരുന്നില്ല. റീമോട്ട്‌ കണ്‍ട്രോളിന്റെ സഹായത്തോടെ മനുഷ്യരാണ്‌ അവരെ നിയന്ത്രിച്ചത്‌.

‘ഇത്‌ തുടക്കം മാത്രമാണ്‌. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ സ്വയം തീരുമാനങ്ങളെടുക്കുന്ന റൊബോട്ടുകള്‍ റിങ്ങിലെത്തും’- അവയെ രൂപകല്‍പന ചെയ്‌ത എന്‍ജിനീയര്‍മാരിലൊരാള്‍ പറഞ്ഞു.

ഹാങ്‌ചൗവിലെ യൂനിട്രീ റോബോട്ടിക്‌സ് എന്ന ചൈനീസ്‌ റോബോട്ടിക്‌സ് കമ്പനിയാണു ബോക്‌സിങ്‌ മത്സരത്തിനു പിന്നിലെ ബുദ്ധി കേന്ദ്രം. അവരുടെ റൊബോട്ടുകള്‍ക്ക്‌ മൂന്ന്‌ കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. സെക്കന്‍ഡില്‍ രണ്ട്‌ മീറ്ററാണു പരമാവധി വേഗത. പോരടിക്കാന്‍ മാത്രമല്ല, ആരാധകരെ അഭിവാദ്യം ചെയ്യാനും അവയ്‌ക്കു കഴിയും. വീണുപോയാല്‍ വേഗം എഴുന്നേല്‍ക്കാനും കഴിയുമെന്നു യൂനിട്രീ റോബോട്ടിക്‌സിന്റെ മാര്‍ക്കറ്റിങ്‌ ടീം അംഗം ചെന്‍ ക്‌സിയിന്‍ ഗേ്ലാബല്‍ ടൈംസിനോട്‌ പറഞ്ഞു. ചൈനീസ്‌ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഇംഗ്ലീഷ്‌ ഭാഷാ വാര്‍ത്താ ചാനലായ സി.ജി.ടി.എന്‍. മത്സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്‌തു.