സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത് കോടികളാണ്. ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 650 കോടിയായിരുന്നു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രതിഫലത്തിന് പുറമേ വമ്പന്‍ ലാഭവിഹിതവും സമ്മാനവും നിര്‍മ്മാതാക്കള്‍ നല്‍കി. എന്നാല്‍ സിനിമയില്‍ രജനീകാന്തിനെ വെല്ലുന്ന പ്രകടനം നടത്തിയ വിനായകനെ അവഗണിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ നാഴികക്കല്ലായി മാറിയ സിനിമയുടെ ആഘോഷവേളയില്‍ നിര്‍മ്മാതാവ് രജനീകാന്തിന് ലാഭത്തില്‍ ഒരു വിഹിതവും ഒരു ആഡംബരക്കാറുമാണ് സമ്മാനമായി നല്‍കിയത്. സമാന രീതിയില്‍ സംവിധായകന്‍ നെല്‍സണും സംഗീതസംവിധായകന്‍ അനിരുദ്ധിനും കാറും ലാഭവിഹിതവും സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കി. അണിയറ പ്രവര്‍ത്തകര്‍ക്കും ആഡംബരമായ വിരുന്നും വിലപ്പെട്ട സമ്മാനങ്ങളും നല്‍കി. എന്നാല്‍ പ്രതിനായകനായി അഭിനയിച്ച വിനായകന് പ്രതിഫലം നല്‍കിയത് മുപ്പത്തിയഞ്ച് ലക്ഷം രൂപ മാത്രമാണെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം വിനായകന്‍ തള്ളിയതായും താന്‍ ചോദിച്ചതിന്റെ മൂന്നിരട്ടി പ്രതിഫലം നിര്‍മ്മാതാക്കളില്‍ നിന്നും ലഭിച്ചെന്നും പറഞ്ഞതായി ഇന്ത്യാഗ്‌ളിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാതാക്കളുടെ നിലപാടില്‍ താരം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലര്‍ കളക്ഷനില്‍ രണ്ടാം റാങ്കിലുള്ള ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തേക്കാള്‍ നൂറ്റമ്പത് കോടി കൂടുതല്‍ സമ്പാദിച്ചു.
