Hollywood

ആംബര്‍ ഹേര്‍ഡിന്റെ വേഷം വെട്ടിക്കുറച്ചതല്ല ; അക്വാമാന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ജെയിംസ് വാന്‍

2018 ല്‍ വന്‍ ഹിറ്റായി മാറിയ അണ്ടര്‍വാട്ടര്‍ സൂപ്പര്‍ഹീറോ ചിത്രം അക്വാമാന്റെ അടുത്തഭാഗം ‘അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം’ എന്ന പേരില്‍ റിലീസിന് മുമ്പുതന്നെ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ഏറ്റവും പുതിയത് നടി ആംബര്‍ ഹേര്‍ഡിന്റെ വേഷം സംബന്ധിച്ചുള്ളതാണ്. സിനിമയില്‍ നടിയുടെ സീനുകളുടെ ദൈര്‍ല്യം കുറച്ചു എന്ന ആരോപണത്തില്‍ മറുപടിയുമായി ഒടുവില്‍ സംവിധായകന്‍ ജെയിംസ് വാന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

അടുത്തിടെ എന്റര്‍ടൈന്‍മെന്റ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്. ആദ്യത്തേത് ഒരു റൊമാന്‍സ് ആക്ഷന്‍-അഡ്വഞ്ചര്‍ സിനിമയായിരുന്നു. ജെയ്സണ്‍ മോമോവ അവതരിപ്പിക്കുന്ന ആര്‍തറിന്റെയും ആംബര്‍ ഹേര്‍ഡ് ചെയ്യുന്ന മേരയുടെയും പ്രണയയാത്രയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യത്തെ അക്വാമാന്‍ സിനിമ. എന്നിരുന്നാലും, തുടക്കം മുതലേ അതിന്റെ തുടര്‍ച്ചയ്ക്കായി മനസ്സില്‍ മറ്റൊരു ദിശയുണ്ടായിരുന്നെന്നാണ് വാന്‍ പറയുന്നത്. രണ്ടാമത്തെ സിനിമ പാട്രിക് വില്‍സണ്‍ വരുന്ന ആര്‍തര്‍ ആന്‍ഡ് ഓം (പാട്രിക് വില്‍സണ്‍) ആയിരിക്കും. സിനിമയുടെ രണ്ടാം ഭാഗം ഒരു ബ്രൊമാന്‍സ് ആക്ഷന്‍-അഡ്വഞ്ചര്‍ മൂവിയാണെന്ന് സംവിധായകന്‍ പറയുന്നു.

നേരത്തേ തന്റെ റോള്‍ വെട്ടിക്കുറയ്ക്കുകയും തിരക്കഥയില്‍ നിന്ന് രംഗങ്ങള്‍ നീക്കം ചെയ്തതായും ആംബര്‍ ഹേര്‍ഡ് ആരോപിച്ച് രംഗത്ത് വന്നിരുന്നു. തന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം കുറയുന്നതിനെക്കുറിച്ച് ഹേര്‍ഡ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഹേര്‍ഡിന്റെ അവകാശവാദങ്ങള്‍ മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംവിധായകന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.

വില്ലെം ഡാഫോ, പാട്രിക് വില്‍സണ്‍, ഡോള്‍ഫ് ലന്‍ഡ്ഗ്രെന്‍, യഹ്യ അബ്ദുള്‍-മാറ്റീന്‍ കക, ടെമുറ മോറിസണ്‍, നിക്കോള്‍ കിഡ്മാന്‍ എന്നിവരും അക്വാമാന്‍ ആന്റ് ദി ലോസ്റ്റ് കിംഗ്ഡം എന്നിവയില്‍ തങ്ങളുടെ വേഷങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നു. 2023 ഡിസംബര്‍ 25 നാണ് റിലീസ്.