Sports

റെക്കോഡുകള്‍ തകര്‍ത്ത് ഓസ്‌ട്രേലിയ; മാക്‌സ്‌വെല്ലിന് വേഗമേറിയ സെഞ്ച്വറി, ഓസീസിന് പടുകൂറ്റന്‍ ജയം

റെക്കോഡുകള്‍ തുടര്‍ച്ചയായി പിറന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെതിരേ ഓസ്‌ട്രേലിയയുടെ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് റെക്കോഡും. 40 പന്തുകളില്‍ സെഞ്ച്വറി അടിച്ച ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മികവില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ജയം സ്വന്തമാക്കി.

ഗ്ലെന്‍ മാക്സ്വെല്ലിന്റെ റെക്കോര്‍ഡ് ഭേദിച്ച ബാറ്റിംഗില്‍ 44 പന്തില്‍ 106 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറുകളും മാക്‌സ്‌വെല്‍ പറത്തി ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മാക്‌സ്‌വെല്‍ കുറിച്ചത്. 18 ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ശ്രീലങ്കയ്ക്ക് എതിരേ ഇട്ട റെക്കോഡാണ് മാക്‌സ്‌വെല്‍ തിരുത്തിയത്്. ഇരുവരും തമ്മിലുള്ളത് ഒമ്പത് പന്തുകളുടെ വ്യത്യാസമായിരുന്നു. ലോകകപ്പിലെ ഏറ്റവും വലിയ വിജയവും ഓസ്‌ട്രേലിയ കുറിച്ചു.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എടുത്ത ഓസ്‌ട്രേലിയ മറുപടി ബാറ്റിംഗില്‍ നെതര്‍ലണ്ടിനെ 90 റണ്‍സിന് പുറത്താക്കി 309 റണ്‍സിന്റെ ജയം നേടിയെടുക്കുകയും ചെയ്തു. ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്.

മാക്‌സ്‌വെല്ലിനൊപ്പം 93 പന്തില്‍ 104 റണ്‍സ് അടിച്ച ഡേവിഡ് വാര്‍ണറും തിളങ്ങി. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറുകളും പറത്തി. സ്റ്റീവന്‍ സ്മിത്ത 68 പന്തില്‍ 71 റണ്‍സും 47 പന്തുകളില്‍ 62 റണ്‍സ് അടിച്ച് മാര്‍ണസ് ലബുഷാനേയും സ്‌കോറില്‍ അര്‍ദ്ധശതകവുമായി പങ്കാളികളായി. ശനിയാഴ്ച ചിരവൈരികളായ ന്യൂസിലന്‍ഡിനെ നേരിടുന്നതിന് മുമ്പ് ഓസീസ് സെമിഫൈനലിനോട് അല്‍പ്പം കൂടി അടുത്തു.