Healthy Food

ദേഷ്യം കൂടുതലുള്ള ആളാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കൂ

ദേഷ്യം വന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മളല്ലാതാകാറുണ്ട്. എന്നാല്‍ ഒമേഗ -3 സപ്ലിമെന്റുകള്‍ ദേഷ്യം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ്.

30 ശതമാനം വരെ അക്രമണോത്സുകത കുറയ്ക്കാന്‍ ഒമേഗ -3സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലൂടെ ഗവേഷകരുടെ കണ്ടെത്തല്‍. ദേഷ്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നുണ്ട്. തലച്ചോറിലുണ്ടാകുന്ന നീര്‍കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമൊക്കെ കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി ഒമേഗ – 3 ഫാറ്റി ആസിഡിന് സാധിക്കും.

ഇതിന് പുറമേ സെറോടോണിന്‍, ഡോപ്പമിന്‍ പോലുള്ളവയുടെ ഉത്പാദനത്തിനും ഒമേഗ -3 സഹായകമാകുന്നു. സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമിക് – പിച്യൂറ്ററി അഡ്രനാല്‍ അച്ചുതണ്ടാണ്. ഇതിനെ സന്തുലിതമാക്കി വെക്കുന്നതിന് ഒമേഗ -3 സഹായിക്കുന്നുണ്ട്. സാല്‍മണ്‍, മത്തി പോലുള്ള മീനുകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയട്ടുണ്ട്.

കൂടാതെ ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും. എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍, ചിയ വിത്ത് എന്നിയും ഒമേഗ-3 യുടെ സമ്പന്നമായ സ്രോതസ്സുകളാണ്.