ചെറിയവേഷത്തിലൂടെ വന്ന് ഇന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നടിയാണ് വാമിക ഗബ്ബി. ഇനിയും മനസ്സിലായില്ലെങ്കില്‍ നമ്മുടെ ടൊവീനോയുടെ നായികയായി ബേസിലിന്റെ ഗോദയില്‍ എത്തിയ പെണ്‍കുട്ടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കരിയര്‍ മെച്ചപ്പെടുന്നില്ലെന്ന ഘട്ടം വന്നപ്പോള്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചിരുന്നതായും ഹിറ്റ് ചിത്രമായ ’83’ സിനിമയിലെ വേഷം ചെയ്യാന്‍ കാരണം ലണ്ടന്‍ കാണാമല്ലോ എന്ന ചിന്തയായിരുന്നെന്നും നടി പറഞ്ഞു.
ചെറിയവേഷങ്ങളില്‍ നിന്നും ജൂബിലി (2023), ചാര്‍ലി ചോപ്ര ആന്‍ഡ് ദി മിസ്റ്ററി ഓഫ് ദി സോളാങ് വാലി (2023) എന്നിവയുള്‍പ്പെടെ നിരവധി ടിവി സീരീസുകളില്‍ വലിയ വേഷം ചെയ്യുകയും ദീപികാ പദുക്കോണിനൊപ്പം 83-ല്‍ മികച്ച വേഷം ചെയ്യുകയും ചെയ്ത വാമിക പിന്നീട് ഖുഫിയ (2023), തബാഹ് (2024), ബേബി ജോണ്‍ (2024) എന്നിവയിലൂടെ വന്ന് ഭൂല്‍ ചുക്ക് മാഫ് (2025) സിനിമയില്‍ നായികയായി ഇപ്പോള്‍ തിരക്കിലേക്ക് കുതിക്കുകയാണ്.
2019 ഓടെയാണ് നടിയുടെ കരിയറില്‍ ബ്രേക്ക് വന്നത്. നടിയായുള്ള തന്റെ കരിയര്‍ മെച്ചപ്പെടുന്നില്ലെന്ന് തോന്നിയിരിക്കെയാണ് 2019ല്‍ ഞാന്‍ ഒന്നുരണ്ട് സിനിമകള്‍ ചെയ്തത്. ഞാന്‍ ആസ്വദിക്കുകയോ ഒന്നും പഠിക്കുകയോ ചെയ്തിരുന്നില്ല. അന്നും എന്റെ കലയുമായി ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് തൊഴില്‍ ഉപേക്ഷിക്കാന്‍ തോന്നിയത്, അപ്പോഴാണ് ’83’ സിനിമയിലെ ഓഫര്‍ വന്നത്. ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മനസ്സില്ലെങ്കിലും, ലണ്ടന്‍ സന്ദര്‍ശിക്കാന്‍ നല്ല അവസരമുണ്ടെന്ന് തോന്നിയതിനാല്‍ നടി യെസ് പറഞ്ഞു.
രാജ്കുമാര്‍ റാവുവിനും സംവിധായകന്‍ കരണ്‍ ശര്‍മ്മയ്ക്കുമൊപ്പം ഭൂല്‍ ചുക് മാഫ് പ്രൊമോട്ട് ചെയ്യുന്നതിനിടെ, ഇംതിയാസ് അലി സിനിമകളുടെ സെറ്റില്‍ പശ്ചാത്തല കലാകാരിയായി പ്രവര്‍ത്തിച്ച കാലത്തെ നിരവധി കഥകള്‍ താരം പങ്കുവെച്ചു. അദ്ദേഹത്തെയും അഭിനേതാക്കളെയും നിരീക്ഷിച്ച് ഒരു സിനിമ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നതിനെ കുറിച്ച് അവള്‍ പഠിച്ചു. താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരിക്കാം ജബ് വി മെറ്റ് (2007) ഷൂട്ട് ചെയ്തത്. സെറ്റില്‍ എങ്ങനെയിരിക്കണമെന്നതിനെക്കുറിച്ചുള്ള ആദ്യപാഠം അവിടെ നിന്നുമായിരുന്നെന്ന് നടി പറയുന്നു.