ഫാഷന് അനുസരിച്ച് ചെരുപ്പുകളും ഷൂസുകളുമൊക്കെ മാറ്റി മാറ്റി ഇടാന്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഇഷ്ടമുള്ളവരാണ് ഒരോരുത്തരും. നമ്മളുടെ ഇഷ്ടത്തിന് ഏത് മോഡലിലുള്ള ചെരുപ്പുകളും ധരിയ്ക്കാം. എന്നാല്‍, അമേരിക്കയിലെ ഒരു സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഒരു നഗരത്തില്‍ ഹൈ ഹീല്‍സ് ധരിക്കുന്നതിന് മുന്‍കൂറായി അനുമതി വാങ്ങണം. കാര്‍മല്‍ ബൈ ദ സീ എന്ന നഗരത്തിലാണ് ഈ നിബന്ധനയുള്ളത്.
അപകടങ്ങള്‍ തടയുന്നതിനായി രണ്ട് ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറ്റി ഹാളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കുന്നു. കാര്‍മലില്‍ അനുമതിയില്ലാതെ ഹൈ ഹീല്‍സ് ധരിക്കുന്നത് നിയമവിരുദ്ധമാണ്. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ സോറി സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഈ പട്ടണത്തിലെ നടപ്പാതകളിലൂടെ നടക്കാന്‍ പ്രയാസമാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് സ്റ്റിലെറ്റോ ധരിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ പ്രയാസമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ സാഹചര്യങ്ങളില്‍ ഹൈ ഹീല്‍സ് ഉപയോഗിച്ച് നടക്കുന്നത് അത്ര നല്ലതല്ലെന്ന് വീഡിയോയില്‍ സോറി പറഞ്ഞു. നഗരത്തിലെ ഉരുളന്‍ കല്ലുകള്‍ പാകിയ പാതകളും ഇടുങ്ങിയ വഴികളും ഹൈ ഹീല്‍സ് ധരിച്ച് നടക്കാന്‍ പ്രയാസമേറിയതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
”ഇവിടെ വരുമ്പോള്‍ നിയമം ലംഘിക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ സിറ്റി ഹാളില്‍ ഒരു പെര്‍മിറ്റിന് അപേക്ഷിക്കണം. എന്നാല്‍, വിഷമിക്കേണ്ട കാര്യമില്ല, അതിനുള്ള നടപടിക്രമങ്ങള്‍ തികച്ചും സൗജന്യവും വേഗത്തില്‍ ലഭിക്കുന്നതും എളുപ്പവുമാണ്. ഹൈ ഹീല്‍സ് ധരിക്കാന്‍ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ നഗരത്തില്‍ അവ ധരിച്ച് നിങ്ങള്‍ക്ക് നടക്കാന്‍ കഴിയും. എന്നാല്‍, ഇവിടെ ഹൈ ഹീല്‍സ് ധരിച്ചു നടക്കുന്നത് അത്ര നല്ലതല്ല,” -അവര്‍ കൂട്ടിച്ചേര്‍ത്തു.
”മരങ്ങളുടെ വേരുകള്‍ പടര്‍ന്ന നടപ്പാതയിലൂടെ ഹൈ ഹീല്‍സ് ധരിച്ച് നടന്നാല്‍ കാലിടറി വീഴാന്‍ സാധ്യതയുണ്ട്. അത് തടയുന്നതിന് 1963ല്‍ സിറ്റി അറ്റോര്‍ണിയാണ് ഈ വിചിത്രമായ നിയമം കൊണ്ടുവന്നത്,” – അവര്‍ പറഞ്ഞു.