Fitness

50 കഴിഞ്ഞിട്ടും വാള്‍ബര്‍ഗിന്റെ അവിശ്വസനീയമായ ശരീരസൗന്ദര്യം- അറിയുക താരത്തിന്റെ ദിനചര്യകള്‍

വാര്‍ദ്ധക്യം എല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും നടീനടന്മാരാണെങ്കില്‍ അത് കൂറേക്കൂടി ബുദ്ധിമുട്ടാണ്. എന്നാല്‍ വയസ്സ് 50 കഴിഞ്ഞെങ്കിലും ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗിന്റെ ശരീരസൗന്ദര്യം ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. നടനും മുന്‍ ഗായകനുമൊക്കെയായ അദ്ദേഹത്തിന് കഴിഞ്ഞ ജൂണിലാണ് 52 വയസ്സ് തികഞ്ഞത്. ഇപ്പോഴും കൃത്യമായ ദിനചര്യയും ആരോഗ്യ പരിപാലനവുമൊക്കെയായി നടന്‍ സജീവമാണ്.

പലരും വാര്‍ദ്ധക്യത്തെ ഭീതിയോടെ നേരിടുമ്പോള്‍ മാര്‍ക്ക് വാള്‍ബെര്‍ഗിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ കഴിയാത്ത ആ അവസ്ഥയെ അദ്ദേഹം ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. പക്ഷേ വാര്‍ദ്ധക്യത്തെ വൈകിപ്പിക്കുന്ന പ്രക്രിയയിലും വാള്‍ബര്‍ഗ് ഏര്‍പ്പെടുന്നു. അവിശ്വസനീയമായ ശരീരസൗന്ദര്യം അദ്ദേഹം നിലനിര്‍ത്തുന്നത് തീവ്രമായ ശീലങ്ങളിലൂടെയാണ്. കഴിഞ്ഞ ഏപ്രിലില്‍ താരം തന്റെ ”സാധാരണ” ദിനചര്യ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് പങ്കിട്ടിരുന്നു.

താന്‍ പുലര്‍ച്ചെ 2:30 ന് എഴുന്നേല്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും 3:40- 5:15 വരെ ദിവസത്തിലെ തന്റെ ആദ്യ വര്‍ക്ക്ഔട്ട് നടത്തുകയും ചെയ്യുന്നുവെന്ന് താരം വെളിപ്പെടുത്തി. വ്യായാമത്തിന് ശേഷമുള്ള ഭക്ഷണം, ഷവര്‍, ഗോള്‍ഫ്, ലഘുഭക്ഷണം, ക്രയോ ചേമ്പര്‍ വീണ്ടെടുക്കല്‍, കുടുംബ സമയം, മീറ്റിംഗുകള്‍, ജോലി കോളുകള്‍, കുട്ടികളെ കൂട്ടിക്കൊണ്ടുവരല്‍ എന്നിവയ്ക്ക് ശേഷം, വൈകുന്നേരം 4:00 മണിക്ക് രണ്ടാമത്തെ വ്യായാമം ചെയ്യുന്നു. അതിന് ശേഷം കുടുംബത്തോടൊപ്പം അത്താഴവും കഴിഞ്ഞ് രാത്രി 7:30-ന് ഉറങ്ങുന്നതോടെ ദിവസം അവസാനിക്കുന്നു.

ഇനി തനിക്ക് ഹോളിവുഡില്‍ നിന്നും വേണ്ടത് തന്റെ പ്രായത്തെ കൃത്യമായി പ്രതിനിധീകരിക്കുന്ന വേഷങ്ങളാണെന്നാണ് നടന്‍ പറയുന്നത്. ഫാമിലി പ്ലാന്‍ എന്ന പുതിയ സിനിമയാണ് വാള്‍ബെര്‍ഗിന്റേതായി ഇനി പുറത്തുവരാനിരിക്കുന്നത്. ഡിസംബര്‍ 15-ന് ആപ്പിള്‍ ടിവി പ്ലസില്‍ എത്തുന്ന സിനിമ ആക്ഷന്‍ കോമഡി ചിത്രമാണ്. മിഷേല്‍ മോനാഗനൊപ്പം അദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവായി അഭിനയിക്കുന്നു. മൂന്ന് കുട്ടികളുടെ പിതാവും ഒരു കാര്‍ വില്‍പ്പനക്കാരനുമായ ഡാന്‍ മോര്‍ഗനെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് എന്ന നിലയിലുള്ള ഭൂതകാലം വേട്ടയാടുന്നു.

സ്‌ക്രീനില്‍ ”അച്ഛന്‍” കളിക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് നടന്‍ പറഞ്ഞു, ”താന്‍ നാലുകുട്ടികളുടെ പിതാവാണെന്നും വാര്‍ദ്ധക്യം സ്വീകരിക്കുന്നതായും നടന്‍ പറഞ്ഞു. ചിത്രത്തില്‍ രണ്ട് കൗമാരക്കാരായ കുട്ടികളുടെ പിതാവായിട്ടാണ് എത്തുന്നത്. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്കൊപ്പം അച്ഛനായി അഭിനയിക്കുന്നത് തന്റെ പ്രായത്തിലുള്ള മറ്റ് താരങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന കാര്യമാണെന്ന് താരം പറയുന്നു. സാധാരണഗതിയില്‍ ആ വേഷം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നായിരിക്കും മിക്കവാറും പേര്‍ പറയുക. എന്നാല്‍ താന്‍ അത് സ്വീകരിക്കുന്നു എന്നും ഉടന്‍ തന്നെ ഒരു മുത്തച്ഛനായി അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും നടന്‍ പറയുന്നു.