ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര ഒരു പക്ഷേ കരിയറിലെ ഏറ്റവും മോശം സമയം സമ്മാനിക്കപ്പെട്ടത് സൂപ്പര്‍ബാറ്റര്‍മാരായ വിരാട്‌കോഹ്ലിക്കും നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ആയിരിക്കും. കരിയറില്‍ ഏറ്റവും മോശം ഫോമിനെ നേരിടുന്ന കോഹ്ലി ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പുറമേ കലഹത്തിന്റെ കാര്യത്തിലും മുന്നിലുണ്ട്.
പരമ്പരയില്‍ ഇതുവരെ ഒരു ഇന്നിംഗ്‌സിലെ സെഞ്ച്വറി മാത്രമുള്ള വിരാട് കോഹ്ലി നിരന്തരം പരാജയപ്പെടുകയാണ്. ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പിന്നാലെ ആരാധകരുമായി ഇടയുന്നതിന്റെ പേരിലും വാര്‍ത്തകളില്‍ നിറയുന്നു. വെള്ളിയാഴ്ച ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പുറത്തായതിന് പിന്നാലെ തന്നെ കൂകിവിളിക്കുകയും അസഭ്യം പറയുകയും ചെയ്ത ആരാധകനെ താരം തുറിച്ചു നോക്കി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ 36 ന് പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. പുറത്തായി ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ കാണികള്‍ അദ്ദേഹത്തെ കൂവി.
കോഹ്ലി സംയമനം പാലിക്കുകയും അസ്വസ്ഥനാകുകയും ചെയ്തപ്പോള്‍, ഒരു ഓസ്ട്രേലിയന്‍ കാഴ്ചക്കാരന്റെ പരിഹാസം അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നതായി തോന്നി. അദ്ദേഹം തിരിച്ചുവന്ന് ആരാധകനെ കുറച്ചു നേരം തുറിച്ചു നോക്കി നിന്നപ്പോള്‍. പരിഹാസങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകാന്‍ കോഹ്ലിയെ പ്രേരിപ്പിച്ചുകൊണ്ട് സ്ഥിതിഗതികള്‍ ശാന്തമാക്കാനും ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നയിക്കാനും കോഹ്ലിയുടെ തോളില്‍ കൈവെച്ച് ഒരു ഉദ്യോഗസ്ഥന്‍ ഇടപെട്ടു. 86 പന്തില്‍ 36 റണ്‍നേടി പുറത്തായി പോകുമ്പോള്‍ കോഹ്ലിയെ ഓസ്ട്രേലിയന്‍ കാണികള്‍ കൂവിയാണ് പുറത്തേക്ക് വിട്ടത്.
ക്രീസില്‍ തുടരുന്ന സമയത്ത് വളരെ ഏകാഗ്രതയോടെയാണ് താരം കളിച്ചത്. പ്രത്യേകിച്ച് പന്തുകള്‍ ഓഫ് സ്റ്റമ്പിന് പുറത്തേക്കുള്ള പന്തുകളെ കളിക്കാതെ തന്നെ വിട്ടു. എന്നാല്‍ യശസ്വി ജയ്സ്വാളിന്റെ റണ്ണൗട്ട് കോഹ്ലിയുടെ താളം തെറ്റിച്ചു, ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഒരു പന്തില്‍ കളിച്ചത് പുറത്താകുന്നതിന് കാരണമായി. അതേസമയം ടെസ്റ്റിന്റെ ആദ്യ ദിവസവും കോഹ്ലി വിവാദത്തില്‍ പെട്ടു. ഒന്നാം ദിനം സാം കോണ്‍സ്റ്റാസുമായുള്ള വിവാദ സംഭവത്തെ തുടര്‍ന്ന് കോഹ്ലി ഓസ്ട്രേലിയന്‍ ആരാധകരില്‍ നിന്ന് ചൂട് നേരിടുകയാണ്.
കോണ്‍സ്റ്റാസ് ക്രീസില്‍ തുടരുന്നതിനിടെ തോളില്‍ കോഹ്ലി തട്ടിയത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ഉസ്മാന്‍ ഖവാജ ഇടപെട്ട് ഇരുവരെയും ശാന്തരാക്കുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.