Sports

ടി20 ലോകകപ്പില്‍ കൊള്ളില്ലെന്ന് പറഞ്ഞവരെവിടെ? മറുപടി കിംഗ് കോഹ്ലി പറഞ്ഞത് ബാറ്റുകൊണ്ട്

നേരത്തേ ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം സംശയിച്ചവര്‍ക്കുള്ള മറുപടി വിരാട് കോഹ്ലി ഐപിഎല്ലില്‍ ബാറ്റുകൊണ്ട് മറുപടി പറയുകയാണ്. തന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ബാദ്ധ്യതയാകുമെന്ന് കരുതിയവര്‍ക്ക് സെഞ്ച്വറികള്‍ നേടിയും സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്ലാസ്സിക് ബാറ്റിംഗിലൂടെ തന്റെ പ്രതിഭ കാണിച്ചു കൊടുക്കുകയാണ് താരം.

ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ വിരാട് കോഹ്ലി രാജസ്ഥാന്‍ റോയല്‍സിനെതിരേ 72 പന്തില്‍ 113 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. 12 ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തിയ കോഹ്ലി വിമര്‍ശകര്‍ക്ക് നല്‍കിയത് ശക്തമായ മറുപടിയായിരുന്നു. ഐപിഎല്ലില്‍ എട്ടാമത്തെ സെഞ്ച്വറിയാണ് നേടിയ കോഹ്ലി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരവുമായി മാറി.

വെസ്റ്റിന്‍ഡീസ് മുന്‍താരം ക്രിസ്‌ഗെയിലിനേക്കാള്‍ രണ്ടെണ്ണം കൂടുതലാണ് കോഹ്ലി നേടിയത്. ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ അദ്ദേഹം പുറത്താകാതെ നേടിയ 113 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോറാണ്. ടി20 ക്രിക്കറ്റില്‍ കോഹ്ലിയുടെ സെഞ്ചുറികളുടെ എണ്ണം ഒമ്പതായി. രണ്ട് പേര്‍ മാത്രമാണ് കൂടുതല്‍ സെഞ്ച്വറി നേടിയത്: 22 എണ്ണം പേരിലുള്ള ഗെയ്‌ലും 10 എണ്ണം പേരിലുള്ള ബാബര്‍ അസമും. റോയല്‍സിനെതിരെ തന്റെ സെഞ്ചുറിയിലെത്താന്‍ കോഹ്ലി എടുത്ത പന്തുകളുടെ എണ്ണം 67 ആയിരുന്നു.

ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി, 2009 ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ മനീഷ് പാണ്ഡെ നേടിയതായിരുന്നു. ജയ്പൂരിലെ തന്റെ അപരാജിത ഇന്നിംഗ്‌സില്‍ കോഹ്ലി അടിച്ച 72 പന്തുകള്‍, ഒരു ഐപിഎല്‍ ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട മൂന്നാമത്തെ ഇന്നിംഗ്സ് ആണ്. 2008 ഐപിഎല്ലിന്റെ ആദ്യ രാത്രിയില്‍ ബ്രണ്ടന്‍ മക്കല്ലം 73 പന്തില്‍ പുറത്താകാതെ 158 റണ്‍സ് നേടിയതാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ആര്‍സിബിയുടെ മൊത്തം റണ്ണുകളില്‍ 38 ശതമാനവും കോലിയുടെ സംഭാവനയാണ്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 316 റണ്‍സ് നേടിയ അദ്ദേഹം ഓറഞ്ച് ക്യാപ്പിന്റെ ഉടമയാണ്, ഇപ്പോള്‍ ഐപിഎല്ലില്‍ 7500 റണ്‍സ് പിന്നിട്ടു.