Sports

കിംഗ് കോഹ്ലിക്ക് ഒപ്പം നില്‍ക്കാന്‍ ആരുണ്ട് ? ഐപിഎല്ലില്‍ ഒരു റെക്കോഡ് കൂടി പേരിലാക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏറ്റവും താഴെ പടിയിലാണെങ്കിലും അവരുടെ സൂപ്പര്‍താരം വിരാട് കോഹ്ലി കുതിക്കുകയാണ്. ടൂര്‍ണമെന്റില്‍ പ്‌ളേഓഫ് സാധ്യതയില്‍ എത്തണമെങ്കില്‍ എല്ലാ മത്സരങ്ങളും ജയിക്കണമെന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴും വിരാട് കോഹ്ലി റെക്കോഡിട്ട് മുന്നില്‍ തന്നെയുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ കോഹ്ലി ഒരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു.

ഐപിഎല്‍ മുഴുവന്‍ സീസണും ഒരു ടീമിന് വേണ്ടി കളിച്ച കോഹ്ലി ഒരു ടീമിന്റെ തന്നെ ഓപ്പണറായി 4000 റണ്‍സാണ് തികച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനായി ഐപിഎല്ലില്‍ ഓപ്പണറായി 4041 റണ്‍സാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. ഐപിഎല്ലില്‍ ഓപ്പണറായി 4000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ആര്‍സിബി കളിക്കാരനായി കോഹ്ലി.

മൊത്തത്തില്‍, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്ക് ശേഷം ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഓപ്പണറാണ് അദ്ദേഹം. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഓപ്പണറായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ശിഖര്‍ ധവാനാണ്. 6362 റണ്‍സ് നേടിയിട്ടുണ്ട്് പഞ്ചാബ് കിംഗ്‌സ് താരം. രണ്ടാമത് നില്‍ക്കുന്നത് 5909 റണ്‍്‌സ് നേടിയ ഡേവിഡ് വാര്‍ണറാണ്. 4480 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍, എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. ഈ സീസണില്‍ 9 മത്സരം കളിച്ച കോഹ്്‌ലി 430 റണ്‍സ് നേടി ഓറഞ്ച് ക്യാപ് പട്ടികയില്‍ ഒന്നാമതാണ്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് വിരാട് കോലി. ലീഗില്‍ 9 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 7693 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്, ഇത് മത്സര ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടം കൂടിയാണ്. ഹൈദരാബാദിനെതിരേ നടന്ന അവസാന മത്സരത്തില്‍ 43 പന്തില്‍ 51 റണ്‍സ് നേടിയ ശേഷം പുറത്തായി. അര്‍ധസെഞ്ചുറി നേടിയിട്ടും എസ്ആര്‍എച്ചിനെതിരെ വിരാട് കോഹ്ലി തന്റെ മികച്ച പ്രകടനം പുറത്തെടുത്തില്ല. പവര്‍പ്ലേയില്‍ 18 പന്തില്‍ നിന്ന് 32 റണ്‍സ് അടിച്ചുകൂട്ടിയ അദ്ദേഹം പിന്നീട് ബൗളര്‍മാരുടെ വേഗമേറിയതോടെ റണ്‍സ് നേടാനായില്ല. അടുത്ത 25 പന്തില്‍ 19 റണ്‍സെടുക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.