ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോലീസ് തന്റെ പരാതികൾ അവഗണിച്ചു എന്ന് ആരോപിച്ച് ഒരു സ്ത്രീ നടുറോഡിൽ ഇരുന്ന് കരയുകയും നിലവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണിത്.
പോലീസിന്റെ അശ്രദ്ധ തന്നെ നിരാശയുടെ വക്കിൽ എത്തിച്ചെന്നാണ് യുവതി പരാതിപെടുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, അയൽവാസി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് യുവതി ഒന്നിലധികം കേസുകൾ നൽകിയിരുന്നു. എന്നാൽ കൂടുതൽ പ്രശ്‌നങ്ങൾ ഭയന്ന അയൽവാസി സ്ഥലം സ്ഥലം വിട്ടു. തുടർന്ന് പോലീസിന്റെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച യുവതി പോലീസ് സ്റ്റേഷന് പുറത്ത് നാടകീയമായ പ്രതിഷേധം നടത്തുകയായിരുന്നു.
“ആ മനുഷ്യൻ എല്ലാ ദിവസവും എന്റെ വസ്ത്രങ്ങൾ കീറുന്നു, എന്നെ ഉപദ്രവിക്കുന്നു, പോലീസ് മിണ്ടാതിരിക്കാൻ പണം വാങ്ങി! എന്നെ സഹായിക്കൂ, എനിക്ക് മരിക്കാൻ ആഗ്രഹമില്ല, എനിക്ക് ജീവിക്കണം!” അവര്‍ പറയുന്നു.
ആഗ്രയിലെ ജഗദീഷ്പുര പോലീസ് സ്റ്റേഷൻ പ്രദേശത്ത് നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിച്ച്പുരി ഔട്ട്‌പോസ്റ്റ് ഇൻസ്പെക്ടർ സച്ചിനെതിരെ സ്ത്രീ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. “പോലീസ് വേട്ടക്കാരായി മാറിയിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് സമാജ്‌വാദി പാർട്ടി മീഡിയ സെൽ ഈ വീഡിയോ എക്‌സിൽ പങ്കിട്ടു.
സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലർ പോലീസിനെ കുറ്റപ്പെടുത്തി, പോലീസ് നിഷ്ക്രിയത്വത്തിനെതിരെ കർശനമായ നടപടി വേണമെന്ന് ചിലർ ആവശ്യപ്പെട്ടു.
അതേസമയം വൈറൽ വീഡിയോകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് വിധിക്കരുതെന്ന് പലരും മുന്നറിയിപ്പ് നൽകി. “സോഷ്യൽ മീഡിയ റീലുകൾക്കും വീഡിയോകൾക്കും എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയാൻ കഴിയില്ല” മറ്റൊരാൾ പറഞ്ഞു.
ഏതായാലും സംഭവത്തിൽ ആഗ്ര പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല.