Movie News

ബോളിവുഡ് റിലീസുകളെ തറ പറ്റിച്ച് ദളപതി വിജയ്യുടെ 20 വര്‍ഷം പഴക്കമുള്ള ചിത്രം ‘ഗില്ലി’

2004-ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം ‘ഗില്ലി’ അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായി വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. ചിത്രം തമിഴ്നാട് ബോക്സോഫീസില്‍ വിജയം ആവര്‍ത്തിക്കുകയാണ്. വിജയ്യ്ക്കൊപ്പം തൃഷ കൃഷ്ണന്‍ നായികയായ ചിത്രം ആഭ്യന്തര, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച റിപ്പോര്‍ച്ചുകളാണ് നല്‍കുന്നത്. നാല് ദിവസത്തെ റീ-റിലീസിന് ശേഷമുള്ള അതിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ രണ്ട് പുതിയ ബോളിവുഡ് റിലീസുകളുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്.

ദക്ഷിണേന്ത്യന്‍ റീ-റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ദിനം എന്ന റെക്കോര്‍ഡ് ‘ഗില്ലി’ സ്വന്തമാക്കി. തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്ത ടൈറ്റാനിക് 3D, അവതാര്‍ റീ-റിലീസ്, ഷോലെ 3D തുടങ്ങിയ ചിത്രങ്ങളെയും ഇത് മറികടന്നു. 20 കോടി കളക്ഷന്‍ കടന്നിരിയ്ക്കുകയാണ് ചിത്രം ഇപ്പോള്‍. മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ആഭ്യന്തര ഗ്രോസ് ഏകദേശം 10.50 കോടി രൂപയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുതിയ തമിഴ് റിലീസുകളൊന്നും തിയറ്ററുകളില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ റീ റിലീസ്.

പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് വിജയ്യുടെ കടുത്ത ആരാധകര്‍ക്ക്, തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിനോട് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ലഭിച്ച പുതിയ അവസരം കൂടിയാണ് ഇത്. രണ്ട് പുതിയ ബോളിവുഡ് റിലീസുകള്‍ – ലവ് സെക്സ് ഔര്‍ ധോഖ 2, ദോ ഔര്‍ ദോ പ്യാര്‍ എന്നിവ ആറ് ദിവസം കൊണ്ട് 3.81 കോടി രൂപയാണ് മൊത്തത്തില്‍ നേടിയത്. ഗില്ലിയെ വെല്ലുന്ന ഒരേയൊരു ചിത്രം ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘ആവേശം’ മാത്രമാണ്. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ചിത്രം ആഭ്യന്തര ബോക്സ് ഓഫീസില്‍ 50 കോടി രൂപയുടെ കളക്ഷന്‍ മറികടക്കുകയും 100 കോടി ഗ്രോസ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.