Sports

ഹര്‍ദിക്പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തി വിജയ്ശങ്കര്‍ ; ചെന്നൈ സൂപ്പര്‍കിംഗ്സിന് ആഹ്ളാദം…!


ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്. അക്കാര്യത്തില്‍ ഇന്ത്യ വളര്‍ത്തിയെടുത്ത ലോകനിലവാരമുള്ള ഹാര്‍ദിക് പാണ്ഡ്യ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആ റോളിലുള്ള ഏറ്റവും മികച്ച കളിക്കാരനാണ്. ഈ പട്ടികയിലേക്കാണ് ശാര്‍ദൂല്‍ താക്കൂര്‍, വിജയ് ശങ്കര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ ചിലരും ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി അവസരം കാത്തുനില്‍ക്കുന്നത്.

ഇതില്‍ 2019 ലോകകപ്പില്‍ ഇന്ത്യ വിജയ് ശങ്കറിനെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവര്‍ക്കും അവസരമായി മാറുന്ന ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 1.20 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. രണ്ടു ദിവസത്തിന് ശേഷം വിജയ്ശങ്കര്‍ അതിന്റെ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഹാട്രിക് സിക്സറുകള്‍ക്ക് തൂക്കിയാണ് താരം സിഎസ്‌കെ യെ ആഹ്ളാദിപ്പിച്ചത്.

ഇന്‍ഡോറില്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നടന്ന സംഭവം സിഎസ്‌കെ അവരുടെ എക്സ് പേജില്‍ ഇട്ടിട്ടുണ്ട്. ‘6.6.6. വിജയ് ബീസ്റ്റ് മോഡില്‍’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഇന്ത്യക്കായി 12 ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ളയാളാണ് വിജയ്ശങ്കര്‍. 2019 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അദ്ദേഹം അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. പക്ഷേ മത്സരം പാണ്ഡ്യയുടെ ബറോഡ തന്നെ കൊണ്ടുപോയി. ഗുജറാത്തിനെ അഞ്ചുവിക്കറ്റിനാണ് പാണ്ഡ്യ നായകനായ ബറോഡ തോല്‍പ്പിച്ചത്.

ആഭ്യന്തര സര്‍ക്യൂട്ടില്‍ അപൂര്‍വമായ പ്രകടനം നടത്തിയ ഹാര്‍ദിക് 35 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നു, ആറ് ഫോറും അഞ്ച് സിക്സും പറത്തി. ഇതോടെ ടി20 ഫോര്‍മാറ്റില്‍ 5000 റണ്‍സും 100-ലധികം വിക്കറ്റുകളും തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍ദിക് മാറുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ 5,067 റണ്‍സും 180 വിക്കറ്റും നേടിയിട്ടുണ്ട്. മത്സരത്തില്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.