Movie News

മകളായി അഭിനയിച്ച കൃതിഷെട്ടിയെ കാമുകിയാക്കാന്‍ വയ്യ ; നായികയെ ഒഴിവാക്കിയതിനെക്കുറിച്ച് വിജയ്‌സേതുപതി

ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു അസാമാന്യ നടനാണ് വിജയ് സേതുപതി. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം നടനെന്ന നിലയില്‍ നിരന്തരം അതിരുകള്‍ ഭേദിച്ചുകൊണ്ടിരിക്കകയാണ്. ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ഷാരൂഖിനൊപ്പം തന്നെ പ്രശംസ നേടുകയാണ് വിജയ് യുടെ വില്ലനും.

എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷണല്‍ നടി കൃതി ഷെട്ടിയെ നായികയാക്കാനുള്ള അവസരം താരം നിഷേധിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. മുമ്പ് തെലുങ്കില്‍ ഇരുവരും ഉപ്പേന എന്ന സിനിമയില്‍ അപ്പനും മകളുമായി അഭിനയിച്ച കാരണത്താല്‍ തന്റെ നായികയാക്കി കൃതിയെ കൊണ്ടുവരാനുള്ള നീക്കം താരം തള്ളിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍

കൃതി ഷെട്ടിയുമായി ജോഡിയാക്കാനുള്ള അവസരം തള്ളിയ കാര്യം താരം തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ”ഉപ്പേന’ എന്ന തെലുങ്ക് സിനിമയില്‍ കൃതി ഷെട്ടി അഭിനയിച്ച ബേബമ്മയുടെ അച്ഛന്റെ വേഷമാണ് ഞാന്‍ അവതരിപ്പിച്ചത്. ഉപ്പേനയുടെ വന്‍ വിജയത്തിന് ശേഷം തമിഴില്‍ ഒരു സിനിമയില്‍ ഒപ്പുവച്ചു. ഉപ്പേന സിനിമ കണ്ട ആള്‍ക്കാര്‍ നായികയായി കണ്ടെത്തിയത് കൃതി ഷെട്ടിയെ ആയിരുന്നു. എന്നാല്‍ അവളുടെ ഫോട്ടോ കാണിച്ചപ്പോള്‍, ഞാന്‍ തന്നെ ഉടന്‍ യൂണിറ്റിനെ വിളിച്ച് അവരോട് നായികയെ മാറ്റാന്‍ പറഞ്ഞു, അടുത്തിടെ പുറത്തിറങ്ങിയ ഒരു തെലുങ്ക് സിനിമയില്‍ അവളുടെ അച്ഛന്റെ വേഷം ഞാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് അവളെ ഒരു റൊമാന്റിക് രീതിയില്‍ സമീപിക്കാന്‍ കഴിയില്ല. അതുകൊണ്ട് ദയവുചെയ്ത് അവളെ നായികയായി ഒഴിവാക്കുക,” താരം പറഞ്ഞു.

”ഉപ്പേനയുടെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ഒരു സീനില്‍ കൃതി ഷെട്ടി ആശയക്കുഴപ്പത്തിലായത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ അവളെ പ്രോത്സാഹിപ്പിക്കുകയും എനിക്ക് നിങ്ങളോളം പ്രായമുള്ള ഒരു മകനുണ്ടെന്ന് പറയുകയും നിങ്ങള്‍ എന്റെ മകള്‍ക്ക് തുല്യമാണ് പേടിക്കേണ്ടെന്നും പറഞ്ഞു. ഒരു മകളെപ്പോലെയുള്ള അവളെ എന്റെ നായികയായി എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.” താരം പറഞ്ഞു.