Movie News

മറ്റു താരങ്ങള്‍ക്കൊപ്പം ഇനി അഭിനയിക്കത്തില്ല ; വില്ലന്‍വേഷം ചെയ്യാനും ഉദ്ദേശിക്കുന്നില്ലെന്ന് വിജയ് സേതുപതി

ഇനി വില്ലന്‍ വേഷം ചെയ്യില്ലെന്നും സൂപ്പര്‍താര നടന്മാര്‍ക്കൊപ്പം ഉടന്‍ സ്‌ക്രീന്‍ പങ്കിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തമിഴ്‌സിനിമാതാരം വിജയ് സേതുപതി. വിജയ് സേതുപതി തന്റെ വരാനിരിക്കുന്ന ത്രില്ലറായ മഹാരാജയ്ക്കായി ഒരുങ്ങുമ്പോഴാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. മറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാതിരിക്കുന്നതും വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള തന്റെ തീരുമാനവും മറ്റും താരം തുറന്നു പറഞ്ഞു. താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്റെ മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് പരാതി.

”അത്തരം സിനിമകളില്‍ ക്ഷീണിതനായി. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ എനിക്ക് നല്ലതും ചീത്തയുമായ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” ഈ സിനിമകളില്‍ തന്റെ ശ്രമങ്ങളെ വിലമതിക്കാത്തതിലും വിലകുറച്ച് കാണുന്നതിലും നിരാശ പ്രകടിപ്പിച്ചു. ”നിങ്ങള്‍ മറ്റൊരു താരവുമായി ഒരു സിനിമയില്‍ ഒപ്പിടുമ്പോള്‍, റോളിന്റെ കാര്യത്തില്‍ വ്യക്തമായി അറിവുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്താലും നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, ദിവസാവസാനം ഇതിന് വളരെ കുറഞ്ഞ മൂല്യം മാത്രമേ നല്‍കൂ. സൂപ്പര്‍താരത്തെ പോലെ സിനിമയ്ക്ക് സംഭാവന നല്‍കിയെങ്കിലും ആരും അതേക്കുറിച്ച് സംസാരിക്കാറില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് നെഗറ്റീവ് റോളുകള്‍ ചെയ്യാതിരിക്കുന്നതെന്നും വെളിപ്പെടുത്തി. സമാനമായ വേഷം ചെയ്യുന്നതിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലാണ് താന്‍ ഒന്നിലധികം വേഷങ്ങള്‍ നിരസിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ”ഒരേ സ്ഥലത്ത് ഒന്നിലധികം വേഷങ്ങള്‍ ചെയ്യുമ്പോള്‍, നിങ്ങളുടെ മുന്‍ സിനിമകളോടും പ്രകടനങ്ങളോടും പരിമിതികളും താരതമ്യങ്ങളും ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.

താരത്തിന്റെ മഹാരാജ ജൂണ്‍ 14 ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിജയ് സേതുപതിയുടെ നടനെന്ന നിലയില്‍ അന്‍പതാം ചിത്രമാണ് മഹാരാജയെന്നത് എടുത്തുപറയേണ്ടതാണ്. തന്റെ വീട് കവര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷം പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ക്ഷുരകനെ ചുറ്റിപ്പറ്റിയാണ് മഹാരാജയുടെ കഥ വികസിക്കുന്നത്.

നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജയില്‍ വിജയ് സേതുപതി, മംമ്ത മോഹന്‍ദാസ്, അഭിരാമി, അനുരാഗ് കശ്യപ്, ഭാരതിരാജ, മുന്‍ഷികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.