Movie News

വിജയ് യുടെ 69-ാം സിനിമ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള സിനിമ എന്ന നിലയില്‍ വിജയ് യുടെ 69-ാം സിനിമയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന്റെ പൂജയും കഴിഞ്ഞിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം സിനിമ ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന സിനിമയുടെ റീമേക്കാണെന്ന അഭ്യൂഹങ്ങളാണ്.

വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ആസൂത്രണം ചെയ്യുന്നതിനാല്‍, നടന്റെ അവസാന ചിത്രത്തിന് വൈകാരികവുമായ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ അത് ആളുകളെ കാണാന്‍ പ്രേരിപ്പിക്കുന്നതാകണം. എന്നിരുന്നാലും, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, മാത്രമല്ല ഇത് റീമേക്ക് ആയിരിക്കുമെന്ന് ആരാധകര്‍ ഊഹിക്കുക മാത്രമാണ്.

വിജയ്, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, നരേന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാന്‍ തീരുമാനിച്ച വിജയ് 2026 ലെ തമിഴ്നാട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രചാരണം ഉടന്‍ ആരംഭിക്കും. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ഗോട്ട്’ എന്ന ചിത്രത്തിലാണ് വിജയ് അവസാനമായി അഭിനയിച്ചത്.

മീനാക്ഷി ചൗധരി, സ്‌നേഹ, പ്രശാന്ത്, പ്രഭുദേവ, ലൈല, മോഹന്‍, ജയറാം, വൈഭവ്, അജ്മല്‍, പാര്‍വതി നായര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്സ് ഓഫീസില്‍ 450 കോടി രൂപ നേടി.