Movie News

വിജയ് ആന്റണിയുടെ ആക്ഷന്‍ത്രില്ലര്‍; സിനിമയ്ക്ക് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടതില്‍ ഒരു കാരണമുണ്ടെന്ന് സംവിധായകന്‍

ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്‌ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന്‍ ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള്‍ പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം കാര്യമാണ്.” സംവിധായകന്‍ പറയുന്നു. എന്നിരുന്നാലും സിനിമ രാഷ്ട്രീയം അല്ലെന്നും ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണെന്നും വാനം കൊട്ടെട്ടും സംവിധായകന്‍ പറയുന്നു.വിജയ് ആന്റണിക്ക് വേണ്ടി കഥയൊരുക്കുകയായിരുന്നില്ല എന്നും എന്നാല്‍ കഥാപാത്രത്തിന് പറ്റിയ ആള്‍ എന്ന നിലയില്‍ വിജയ് ആന്റണിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നെന്നും മണിരത്‌നത്തിന്റെ മുന്‍ അസിസ്റ്റന്റ് കൂടിയായിരുന്ന സംവിധായകന്‍ പറയുന്നു. റിയാ സുമനാണ് സിനിമയിലെ നായിക. സംവിധായകന്‍ ഗൗതം മേനോനും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് ആന്റണി കൈവിലങ്ങില്‍ കറുത്ത മുഖംമൂടി കൊണ്ട് മൂടിയിരിക്കുന്ന നിലയിലുള്ള പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. വിജയ് ആന്റണി അവസാനമായി അഭിനയിച്ചത് കൊലൈയിലാണ്. താരത്തിന്റെ മറ്റൊരു സിനിമയായ രത്തത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തത്. അതിന്റെ ദു:ഖത്തില്‍ നിന്നും താരം മോചിതനാകുന്നതേയുള്ളൂ.