നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തിയ, ഹോട്ട്സ്റ്റാറിലെ സീരീസ് 1000 Babies-ല്‍ പ്രസവമുറിയില്‍വച്ച് നവജാതശിശുക്കളെ മാറ്റി കൊടുക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന ഒരു സൈക്കോ കഥാപാത്രമായ ഹെഡ് നേഴ്സ് ഉണ്ട്. ആ കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം വിയറ്റനാമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മകള്‍ അതിസുന്ദരി. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലില്‍ ആശങ്കപ്പെട്ട പിതാവ് മകളുടെ ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി. പരിശോധനയില്‍ താനല്ലല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍ പിന്നീടാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് സംഭവിച്ചത്.
വിയറ്റ്നാമില്‍ നടന്ന ഈ സംഭവത്തെ കുറിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ…
കൗമാരപ്രായത്തിലെത്തിയ മകള്‍ വളരുന്തോറും അതീവ സുന്ദരിയായി വരുന്നതാണ് പിതാവില്‍ സംശയം ജനിപ്പിച്ചത്. ഇതിനെചൊല്ലി മദ്യപിച്ചെത്തി ഭാര്യയുമായി യുവാവ് നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു രാത്രി, മദ്യപിച്ച ശേഷം, യുവാവ് വീട്ടിലെത്തി. കൈയില്‍ ഡിഎൻഎ പരിശോധനാ ഫലവുമുണ്ടായിരുന്നു. ഇതു തെളിവാക്കി ഭാര്യയില്‍ അവിഹിതബന്ധം ആരോപിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ സംശയരോഗവും മദ്യപാനവും വര്‍ധിച്ചപ്പോള്‍ സഹികെട്ട ഭാര്യയ്ക്ക് മകളുമായി വീടുവിട്ടിറങ്ങാതെ മറ്റു മാര്‍ഗമില്ലാതിരുന്നു.
പുതിയ സ്ഥലത്ത് താമസം തുടങ്ങിയ യുവതിക്ക് മകളുടെ സ്കൂളും മാറേണ്ടി വന്നു. പുതിയ സ്കൂളിലെത്തിയ പെണ്‍കുട്ടി അതേ സ്കൂളിലെ മറ്റൊരു പെണ്‍കുട്ടിയുമായി പെട്ടെന്നു തന്നെ സൗഹൃദത്തിലായി. ആശ്ചര്യമെന്നു പറയട്ടെ, ഇരുവരുടേയും ജനന തീയതിയും ഒന്നുതന്നെയായിരുന്നു. പുതിയ കൂട്ടുകാരിയെ പെണ്‍കുട്ടി തന്റെ ജന്മദിനാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയെ കണ്ട് പെണ്‍കുട്ടിയുടെ മാതാവ് അത്ഭുതപ്പെട്ടു. അത്രമാത്രം ആസാധാരണമായ സാദൃശ്യമാണ് കൂട്ടുകാരിക്ക് പെണ്‍കുട്ടിയുടെ സഹോദരിയായ അവരുടെ ഇളയ മകളുമായി ഉണ്ടായിരുന്നത്. ഇതില്‍ സംശയം തോന്നിയ യുവതി പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച് ഡിഎന്‍എ പരിശോധന നടത്തി.
ഈ പരിശോധന തെളിഞ്ഞത് ആശുപത്രിയുടെ അനാസ്ഥയാണ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ട് പെൺകുട്ടികളും ജനിച്ചപ്പോൾ തന്നെ
പരസ്പരം മാറിപ്പോയതാണെന്ന് വ്യക്തമായി. ഇരുകുടുംബങ്ങളും സംസാരിച്ച് സമവായത്തിലെത്തി. ഇപ്പോള്‍ പതിവായി ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്. അതേസമയം, ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
വിയറ്റ്നാമീസ് മാധ്യമമായ ഡോക്നാൻ റിപ്പോർട്ട് ചെയ്ത വാര്‍ത്ത ചൂടേറിയ ഓൺലൈൻ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. കൊറിയൻ ടിവി സീരിയലായ ‘ഓട്ടം ഇൻ മൈ ഹാർട്ടി’ലെ ട്വിസ്റ്റുകൾ പോലെ സിനിമയെ വെല്ലുന്നതാണ് സംഭവമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.