തമിഴ്‌സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂരി നായകനായ വിടുതലൈയുടെ ആദ്യഭാഗം കണ്ടവരൊന്നും രണ്ടാം ഭാഗം കാണാതെ പോകില്ലെന്ന് ഉറപ്പ്. വരാനിരിക്കുന്ന ഭാഗത്ത് വിജയ് സേതുപതിയുടെ നായിക മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യരാണ്. താരം സിനിമയില്‍ വിജയ് സേതുപതിയുടെ ഭാര്യയായിട്ടാണ് എത്തുന്നത്. വിടുതലൈ സിനിമയുടെ ആദ്യഭാഗം 1980 കളില്‍ നടക്കുന്ന ഒരു പീരീഡ് ക്രൈം ത്രില്ലറായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്.
വിജയ് സേതുപതിയുടെ കഥാപാത്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ആദ്യഭാഗം പൂര്‍ത്തിയായത്. വിജയ് സേതുപതിയുടെ കഥാപാത്രമായ പെരുമാള്‍ വാത്തിയാര്‍, എങ്ങനെയാണ് അദ്ദേഹം ഒരു പ്രമുഖ വിമത നേതാവായി മാറിയത് എന്നതിലാണ് രണ്ടാം ഭാഗം കേന്ദ്രീകരിക്കുന്നത്. കഥയുടെ ഒരു പ്രധാന ഭാഗം 1960 കളില്‍ നടക്കുന്നതായിരിക്കുമെന്ന് മനസ്സിലാക്കുന്നു, പ്രത്യേകിച്ച് വിജയ് സേതുപതിയും മഞ്ജു വാര്യരുമൊത്തുള്ള രംഗങ്ങള്‍. സൂരി, പ്രകാശ് രാജ്, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോന്‍, ഇളവരസു തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എല്‍റെഡ് കുമാറും വെട്രിമാരനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇളയരാജയും ഛായാഗ്രഹണം വേല്‍രാജും നിര്‍വ്വഹിച്ചിരിക്കുന്നു. 2024 ആദ്യം ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആറ്റ്ലി സംവിധാനം ഷാരൂഖ്ചിത്രം ജവാന്‍ എന്ന ആക്ഷന്‍ ത്രില്ലറില്‍ അവസാനം കണ്ട വിജയ് സേതുപതി ശ്രീറാം രാഘവന്റെ വരാനിരിക്കുന്ന ചിത്രമായ മെറി ക്രിസ്മസിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഈ സിനിമയില്‍ കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം ഒരു ത്രില്ലര്‍ ചിത്രമാണെന്ന് പറയപ്പെടുന്നു,
2024 ജനുവരി 12 ന് വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ്.മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത തമിഴ്ചിത്രം. ശരത്കുമാര്‍, ആര്യ, അനഘ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തലൈവര്‍ 170 എന്ന് തല്‍ക്കാല, പേരിട്ടിരിക്കുന്ന ടിജെ ജ്ഞാനവേലിന്റെ രജനികാന്ത് ചിത്രത്തിലും നടിയെത്തുന്നു. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത വെള്ളരി പട്ടണം എന്ന ചിത്രത്തിലാണ് മഞ്ജു അവസാനമായി അഭിനയിച്ചത്. കൂടാതെ 2019 ലെ ലൂസിഫറിന്റെ രണ്ടാംഭാഗം എല്‍ 2- എംപുരാനിലും താരം അഭിനയിക്കുന്നുണ്ട്.