മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്ത്രീകളെ ഡോക്ടർമാർ പരിശോധിക്കുന്നതിന്റെയും കുത്തിവയ്പ്പെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നിന്നാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ ചോർന്നെന്ന് ആരോപണം ഉയര്‍ന്നത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ ലിങ്കുകളും പ്രചരിക്കുന്നുണ്ട് . ഒരുമാസത്തിനിടെ അഞ്ചുലക്ഷത്തിലേറെപേര്‍ ഈ വീഡിയോകള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്.
പരമ്പരാഗതമായി സുരക്ഷിത ഇടമായി കണക്കാക്കപ്പെടുന്ന മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ടെലിഗ്രാമും യു ട്യൂബും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവത്തിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
പായൽ മെറ്റേണിറ്റി ഹോമിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ രംഗങ്ങളാണ് ചോർന്നത്. നഴ്‌സിംഗ് ജീവനക്കാർ സ്ത്രീകൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. ക്ലിപ്പുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിപ്പിക്കപെടുകയും ഇത് അഹമ്മദാബാദ് സൈബർ ക്രൈം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്യുകയായിരുന്നു.
സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു അന്വേഷണ സംബന്ധമായ ചോദ്യം ചെയ്യലിൽ ആശുപത്രി ഡയറക്ടർ ഡോ അമിത് അക്ബരിയുടെ പ്രതികരണം. “ആശുപത്രി വീഡിയോകൾ എങ്ങനെയാണ് വൈറലായതെന്ന് എനിക്കറിയില്ല. ഞങ്ങളുടെ സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു. ഇതിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല, പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും,” ഡോ അക്ബരി വ്യക്തമാക്കി.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഡിയോകൾ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും തുടർന്ന് ഒരു ടെലിഗ്രാം ഗ്രൂപ്പിലൂടെ പ്രമോട്ട് ചെയ്യുകയും ചെയ്തതായിട്ടാണ് കണ്ടെത്തിയത്. സ്ത്രീകളുടെ ഇത്തരത്തിലുള്ള വീഡിയോകളുടെ ഭാഗങ്ങൾ സ്ക്രീൻഷോട്ടായും ടീസറായും യൂട്യൂബിലൂടെ പങ്കിട്ടാണ് ചാനലിലേക്ക് ആളുകളെ ആകർഷിക്കുന്നത്. തുടർന്ന് ആളുകളിൽ നിന്ന് പണം ഈടാക്കി ഫുൾ വീഡിയോ കാണാൻ അവസരം ഉണ്ടാക്കികൊടുക്കുകയായിരുന്നു ചാനൽ ഉടമയുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തി.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (സൈബർ ക്രൈം) ഹാർദിക് മകാഡിയയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചത്. അതേസമയം യൂട്യൂബ് ചാനൽ ജനുവരിയിലും ആരംഭിച്ചു. ചാനൽ ഇതിനോടകം ഏഴ് വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഒന്നിൽ ഒരു നഴ്‌സും രോഗിയും ഗുജറാത്തി ഭാഷയിൽ സംസാരിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്.
ഈ വീഡിയോകൾ ഏത് സ്ഥലത്ത് നിന്നാണ് റെക്കോർഡ് ചെയ്യപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
“ടെലിഗ്രാം ഗ്രൂപ്പിൽ 90-ലധികം അംഗങ്ങളുണ്ട്, വീഡിയോകൾ ആശുപത്രിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എടുത്തതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾ നിലവിൽ ആശുപത്രിയെയും അതിൽ ഉൾപ്പെട്ട വ്യക്തികളെയും തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് ,” മകാഡിയ പറഞ്ഞു.
ഇതിനിടയിൽ ദൃശ്യങ്ങൾ എങ്ങനെ ലഭിച്ചുവെന്നറിയാൻ രാജ്‌കോട്ട് സൈബർ ക്രൈം പോലീസും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്.
സ്വകാര്യതയുടെ ലംഘനവും ഓൺലൈനിൽ അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൈബർ ക്രൈം ഐടി നിയമത്തിലെ സെക്ഷൻ 66E, 67 എന്നിവയ്ക്ക് കീഴിലുള്ള കുറ്റങ്ങളായിട്ടാണ് അധികൃതർ സംഭവത്തെ പരിഗണിച്ചിരിക്കുന്നത്.