Celebrity

കാമുകനൊപ്പം പുകവലിയ്ക്കുന്ന കൃതി സനോണിന്റെ വീഡിയോ പുറത്ത്; തര്‍ക്കം ആരാധകര്‍ തമ്മില്‍

ബോളിവുഡ് താരം കൃതി സനോന്‍ തന്റെ ജന്മദിന ആഘോഷങ്ങള്‍ക്കായി ഗ്രീസിലേക്ക് പോയിരുന്നു. സഹോദരി നൂപുര്‍ സനോണ്‍, ഗായകന്‍ സ്റ്റെബിന്‍ ബെന്‍, യുകെയില്‍ ബിസിനസുകാരനായ കൃതിയുടെ കാമുകന്‍ കബീര്‍ ബാഹിയ എന്നിവര്‍ക്കൊപ്പമാണ് താരം ഗ്രീസിലേക്ക് തിരിച്ചത്. ക്രിതി പാപ്പരാസികളില്‍ നിന്ന് അകന്നിരിയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. ഗ്രീസിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് തുറന്ന ഇരിപ്പിടങ്ങളുള്ള ഒരു റെസ്റ്റോറന്റില്‍ കൃതിയും കബീറും പുകവലിക്കുന്ന വീഡിയോ റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു.

‘‘ഈ വീഡിയോയുടെ അവസാനം സിഗരറ്റും പിടിച്ച് കൃതി ഇരിയ്ക്കുന്നത് കാണാം. അവര്‍ക്ക് വിശുദ്ധമായ ഒരു ഇമേജ് ഉണ്ട്, പക്ഷേ പുകവലിക്കുന്നത് മണ്ടത്തരവും അനാരോഗ്യവുമാണ്. പിന്നെ എനിക്ക് കൃതിയെ ഇഷ്ടമാണ്’’ ഇങ്ങനെ കുറിച്ചു കൊണ്ടാണ് ഈ വീഡിയോ ആധാധകന്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

വീഡിയോ പുറത്ത് വന്നതോടെ താരത്തെ അനുകൂലിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. പ്രശസ്തരായ ആളുകള്‍ അവധിക്കാലം ആഘോഷിയ്ക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിന് പലതും ചെയ്യുമെന്നും അവരുടെ സമ്മതമില്ലാതെ, അവരുടെ സ്വകാര്യത മാനിയ്ക്കാതെ ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതില്‍ വളരെ മോശമായ കാര്യമാണെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

അവള്‍ അവളുടെ ജീവിതം നയിക്കട്ടെ, അവളുടെ അവധിക്കാലം ആസ്വദിയ്ക്കട്ടെ . പല ആളുകളും പുകവലിക്കുന്നു, അതുകൊണ്ട് എന്ത് പ്രശ്നമാണുള്ളത്. അവള്‍ അവധി ആഘോഷിയ്ക്കുകയാണ്. നിയമവിരുദ്ധമല്ലാത്ത എന്തും അവര്‍ക്ക് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് മറ്റൊരു നെറ്റിസണ്‍ എഴുതിയത്.

ജീവിതകാലം മുഴുവന്‍ പുകവലിക്കാത്തവളായിരുന്നുവെന്ന് അവകാശപ്പെടുന്ന കൃതി സനോണിന് ‘ബറേലി കി ബര്‍ഫി’ എന്ന ചിത്രത്തിത്തിന് വേണ്ടി സിഗരറ്റ് വലിയ്ക്കേണ്ടതായി വന്നു. ” തുടക്കത്തില്‍ മടിച്ചെങ്കിലും, ഒടുവില്‍ തന്റെ റോളിനായി സിഗരറ്റ് വലിയ്ക്കുന്ന സീന്‍ താന്‍ ചെയ്തുവെന്ന് കൃതി മിഡ്-ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു. താന്‍ പുകവലിക്കാത്ത ആളായിരുന്നുവെന്നും താന്‍ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നുവെന്നും കൃതി കൂട്ടിച്ചേര്‍ത്തു. എന്റെ കഥാപാത്രത്തിന് വേണ്ടി മാത്രമാണ് താന്‍ സിഗരറ്റ് വലിച്ചതെന്നാണ് താരം അന്ന് പറഞ്ഞത്.