Crime

വാട്‌സ്ആപ്പിൽ അശ്ലീല വീഡിയോ, പിന്നാലെ കാമുകന്റെ വീട്ടില്‍ നഗ്നമായ മൃതദേഹം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 വയസ്സുകാരിയായ എംബിഎ വിദ്യാർത്ഥിനിയെ സഹപാഠിയുടെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് നഗരത്തെ നടുക്കി. വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം വിവസ്ത്രമായ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയ പാടുകളുള്ളതിനാൽ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു.

കൊലപാതകം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് പെൺകുട്ടിയുടെ ഫോണിൽ നിന്ന് കോളേജിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമാണെങ്കിലും കൂടെയുള്ള ആളുടെ മുഖം ഇമോജികൾ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. വീഡിയോയിലുള്ളത് പെൺകുട്ടിയുടെ കാമുകനും സഹപാഠിയുമായ പിയൂഷ് ധനോതിയ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൻവർ റോഡിലെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയായ യുവതിയെ കാണാതാകുന്നത്. അന്ന് വൈകുന്നേരം സഹപാഠിയായ പിയൂഷിനൊപ്പം ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നുമാണ് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ അവൾ പിന്നീട് തിരിച്ചുവന്നില്ല. അന്ന് രാത്രി തന്നെയാണ് കോളേജ് ഗ്രൂപ്പിൽ ആക്ഷേപകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടതും. തുടർന്ന് കോളേജ് അധികൃതർ വീഡിയോ നീക്കം ചെയ്യുകയും അടുത്ത ദിവസം പെൺകുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെയും പിയൂഷിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ബുധനാഴ്ച രാത്രിയോടെ പന്ധാരിനാഥ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് അന്വേഷണത്തിൽ അനാസ്ഥ കാട്ടിയതായി കുടുംബം ആരോപിക്കുന്നു. പിയൂഷിന്റെ വീടിന് പുറത്ത് എത്തിയ പോലീസ് വീട് പുറത്തുനിന്ന് പൂട്ടുക മാത്രമാണ് ചെയ്തതെന്നും കാര്യമായ പരിശോധന നടത്തിയില്ലെന്നും പരാതിയുണ്ട്. വെള്ളിയാഴ്ച പിയൂഷിന്റെ താമസസ്ഥലത്ത് നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയിരുന്നതിനാൽ ധരിച്ചിരുന്ന സോക്സ് കണ്ടാണ് പിതാവ് മകളെ തിരിച്ചറിഞ്ഞത്.

മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച മുതൽ ഒളിവിൽ പോയ പിയൂഷ് ധനോതിയ ആണ് കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് അറിയിച്ചു. മന്ദസൗർ സ്വദേശിയായ പിയൂഷ് എംബിഎ പഠനത്തിനായാണ് ഇൻഡോറിൽ എത്തിയത്. തന്റെ മകളെ പിയൂഷ് മാനസികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തിരുന്നതായി പിതാവ് ആരോപിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ചില ആശങ്കകൾ അനിയത്തിയുമായി പങ്കുവെച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണ ലാൽചന്ദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *