Featured Oddly News

റിട്ടയര്‍മെന്റ് തുക പങ്കിടാന്‍ വിസമ്മതിച്ചു; വിരമിച്ച ഡിഎസ്പിയെ ഭാര്യയും രണ്ട് ആൺമക്കളും കെട്ടിയിട്ടു- വീഡിയോ

മധ്യപ്രദേശ്: ശിവപുരിയിൽ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആൺമക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരു മകൻ പിതാവിന്റെ നെഞ്ചിൽ ഇരിക്കുന്നതും മറ്റേയാൾ കാൽ കെട്ടിയിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ കൂടിയതോടെ മൂവരും അദ്ദേഹത്തിന്റെ മൊബൈൽ ഫോണും എടിഎം കാർഡുമെടുത്ത് ഝാൻസിയിലേക്ക് രക്ഷപ്പെട്ടു. ശിവപുരിയിലെ ഭാന്തിയിലെ ചന്ദാവാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതാപ് സിംഗ് യാദവ് (64) എന്ന റിട്ടയേർഡ് ഡിവൈഎസ്പിയെയാണ് ഭാര്യയും രണ്ട് ആൺമക്കളും ചേർന്ന് കെട്ടിയിട്ടത്.

പ്രതാപ് സിംഗ് യാദവ് ഭാന്തി പോലീസിൽ പരാതി നൽകിയെങ്കിലും മക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. വിരമിക്കൽ ആനുകൂല്യമായി 20 ലക്ഷം രൂപ ലഭിച്ചെന്നും 33 ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഭാര്യയിൽ നിന്ന് വേറിട്ടാണ് താമസിക്കുന്നത്. വിരമിക്കൽ തുക ആവശ്യപ്പെട്ട് ഭാര്യ മായ യാദവും മക്കളായ ആകാശും അഭാസും ഓഗസ്റ്റ് 20-ന് ഗ്രാമത്തിലെത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു.

അവരോടൊപ്പം ഝാൻസിയിലേക്ക് പോകാൻ വിസമ്മതിച്ചപ്പോൾ, അവർ അദ്ദേഹത്തെ നിർബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. ഈ പിടിവലിക്കിടയിൽ അവർ അദ്ദേഹത്തിന്റെ മൊബൈൽ ഫോണും എടിഎം കാർഡും കൈക്കലാക്കി. അയൽക്കാർ ഇടപെട്ടതോടെ മൂവരും അവിടെ നിന്ന് പോവുകയായിരുന്നു. മക്കളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ ആഗ്രഹിക്കാത്തതിനാൽ കേസ് കൊടുക്കുന്നത് ഒഴിവാക്കുകയാണെന്ന് പ്രതാപ് പറഞ്ഞു.

മൂത്ത മകന് 5 ലക്ഷം രൂപയും ഇളയ മകന് 15 ലക്ഷം രൂപയും നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ മകൾ ഗോരഖ്പൂരിൽ എംബിബിഎസ് വിദ്യാർത്ഥിയാണ്. മകൾക്ക് ഇതുവരെ വിവാഹമായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രശ്നം കൂടുതൽ വഷളാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.