Movie News

വിടാ മുയര്‍ച്ചിയില്‍ നടി രജീനാ കസാന്ദ്രയുമെന്ന് സൂചന; ആക്ഷന്‍ ത്രില്ലറില്‍ അജിത്തിനും തൃഷയ്ക്കുമൊപ്പം

വില്ലത്തിവേഷം മനോഹരമാക്കുന്ന മികച്ച നടിമാരുടെ പട്ടികയിലാണ് നടി രജീന കസാന്ദ്ര. ഏഴ്, ചക്ര എന്നി സിനിമകളില്‍ അവരുടെ വില്ലത്തി വേഷം മികച്ചതായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ മഗിഴ് തിരുമേനിയും അജിത്തും ഒരുമിക്കുന്ന ‘വിടാ മുയര്‍ച്ചി’ യില്‍ താരം ഒരു പ്രധാനവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് അസര്‍ബൈജാനില്‍ പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റെജീന കസാന്ദ്രയെ തീരുമാനിച്ചതായിട്ടാണ് വിവരം. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ അജിത്ത് രണ്ട് വേഷങ്ങളില്‍ എത്തുമെന്നും പ്രായമുള്ള അജിത്തിനൊപ്പം തൃഷ ജോഡിയാകുമ്പോള്‍, ഇളയ അജിത്തിന്റെ നായികയായി റജീന കസാന്ദ്ര എത്തുമെന്നാണ് കേള്‍ക്കുന്നത്.

സംവിധായകന്‍ വിഘ്‌നേഷ് ശിവനായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സിന്റെ അജിത് കുമാര്‍ ഒരു സിനിമ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വിഘ്നേഷും പ്രൊഡക്ഷന്‍ ഹൗസും തമ്മിലുള്ള ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ചിത്രം ഉപേക്ഷിച്ചു. പിന്നീട് സിനിമ ചെയ്യാന്‍ സംവിധായകന്‍ മഗിഴ് തിരുമേനിയെ ഏല്‍പ്പിക്കകയായിരുന്നു. ‘വിടാ മുയാര്‍ച്ചി’യുടെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കും. ഛായാഗ്രാഹകന്‍ നീരവ് ഷായും എഡിറ്റര്‍ എന്‍ ബി ശ്രീകാന്തും സംഘത്തിലുണ്ട്.

സഞ്ജയ്ദത്തും സിനിമയില്‍ ഉണ്ടെന്നാണ് അറിവ്. തന്റെ അടുത്ത സിനിമയുടെ ചിത്രീകരണത്തിനായി അസര്‍ബൈജാനിലേക്ക് പോകുന്നതിന് മുമ്പ് അജിത് കുമാറിനെ അടുത്തിടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ടീം രണ്ടാം ഷെഡ്യൂളിനായി യുഎഇയിലേക്ക് പോകും. അതേസമയം സിനിമയുടെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എല്ലാം തന്നെ രഹസ്യമാക്കി സൂക്ഷിക്കുകയാണ് അണിയറക്കാര്‍.