പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്ക് ലോകമെങ്ങും ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണം മെച്ചപ്പെടുത്താനുള്ള ഈ മരുന്നാണ് വയാഗ്ര എന്ന ബ്രാന്‍ഡ് നെയിമില്‍ വിറ്റഴിക്കുന്നത്. കോടിക്കണക്കിനാളുകളാണ് വയാഗ്രയും മറ്റ് ബ്രാന്‍ഡുകളില്‍ എത്തുന്ന സില്‍ഡെനഫിലും ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ലിംഗോദ്ധാരണത്തിന് മാത്രമല്ല കാന്‍സര്‍ ചികില്‍സയിലും വയാഗ്ര സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍. ട്യൂമറുകളുടെ വളര്‍ച്ച തടയാനുള്ള ഘടകങ്ങള്‍ സില്‍ഡെനഫിലില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍. പ്രതിരോധസംവിധാനത്തിലെ ഇന്‍റലിജന്‍സ് ഏജന്‍റുമാരെന്നാണ് ഈ കോശങ്ങളെ അറിയപ്പെടുന്നത്. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ ഈ കോശങ്ങളുടെ എണ്ണം ഗണ്യമായി കുറയും. സില്‍ഡെനഫിലിന്‍റെ ഉപയോഗം ഡെന്‍ഡ്രിറ്റിക് സെല്ലുകളുടെ ശോഷണം തടയുമെന്നും പ്രതിരോധസംവിധാനത്തെ സഹായിക്കുമെന്നുമാണ് വെസ്റ്റ്‌ലേക്കിലെ കാന്‍സര്‍ ഇമ്യൂണോളജി സ്പെഷലിസ്റ്റ് ചൗ തിങ്ങിന്‍റെ ഗവേഷണത്തിലെ കണ്ടെത്തല്‍.
ചൈനയിലെ വെസ്റ്റ് ലേക്ക് യൂണിവേഴ്സിറ്റി, ഷെന്‍ജിയാങ് യൂണിവേഴ്സിറ്റി, പെക്കിങ് യൂണിയന്‍ മെഡിക്കല്‍ കോളജ്, ഷാങ്ഹായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി എന്നിവയിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഇതിന്‍റെ ഫലം ‘നേച്ചര്‍’ മാസികയില്‍ പ്രസിദ്ധീകരിച്ചു.
ഗവേഷണങ്ങള്‍ക്കിടയിലാണ് വയാഗ്രയുടെ (സില്‍ഡെനഫില്‍) പിഡിഇ–5 തടയുന്ന ഗണത്തില്‍പ്പെട്ട മരുന്നാണെന്ന് തിരിച്ചറിഞ്ഞത്. രക്തധമനികള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണത്തിന് മാത്രമല്ല ചിലയിനം ഹൃദ്രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്. പിഡിഇ–5ന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും ഡെന്‍ഡ്രിറ്റിക് കോശങ്ങളുടെ ചലനശേഷി തിരികെ നല്‍കാനും ഇവയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് തുടര്‍പരീക്ഷണങ്ങള്‍ തെളിയിച്ചു. അവിചാരിതമായാണ് ഈ കണ്ടെത്തല്‍ എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് വെസ്റ്റ്‍ലേക്ക് യൂണിവേഴ്സിറ്റിയുടെ പ്രബന്ധം അവസാനിക്കുന്നത്.




