Crime

വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനില്‍നിന്ന്‌ മൊഴിയെടുത്തു; ഇന്നു കസ്‌റ്റംസിനു മുന്നില്‍ ഹാജരായേക്കും

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ടു നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍നിന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) മൊഴിയെടുത്തു. ലഭിച്ച രേഖകളുടെ അടിസ്‌ഥാനത്തില്‍ നേരിട്ടു മൊഴിയെടുക്കാനാണു ദുല്‍ഖറിനെ ചെന്നൈയില്‍നിന്നു വിളിച്ചുവരുത്തിയത്‌. എളംകുളത്തെ വീട്ടിലെ പരിശോധന വൈകിട്ടോടെ പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു ദുല്‍ഖറിന്റെ മൊഴിയെടുത്തത്‌.

രാവിലെ ചെന്നൈയിലെ വീട്ടിലായിരുന്ന ദുല്‍ഖര്‍ ഉച്ചയ്‌ക്കു നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്നു ദുല്‍ഖര്‍ കസ്‌റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണു സൂചന. മമ്മൂട്ടി ഹൗസ്‌, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്‌, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്‌, നടന്‍ പൃഥ്വിരാജിന്റെ വീട്‌, നടന്‍ അമിത്‌ ചക്കാലയ്‌ക്കലിന്റെ കടവന്ത്രയിലെ വീട്‌ തുടങ്ങി 17 സ്‌ഥലങ്ങളിലാണ്‌ ഒരേസമയം ഇ.ഡിയുടെ പരിശോധന നടന്നത്‌. എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

അഞ്ചു ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്‌. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്‌ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഇ.ഡി. നടപടി ആരംഭിച്ചത്‌. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്‌ക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലേക്കു ഭൂട്ടാന്‍- നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ്‌ ക്രൂസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ റെയ്‌ഡ്‌ എന്നും ഇ.ഡി. വ്യക്‌തമാക്കിയിട്ടുണ്ട്‌.

കോയമ്പത്തൂര്‍ ആസ്‌ഥാനമായുള്ള ശൃംഖല വ്യാജരേഖകളും അരുണാചല്‍ പ്രദേശ്‌, ഹിമാചല്‍ പ്രദേശ്‌, മറ്റു സംസ്‌ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍.ടി.ഒ. രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീടു വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കുറഞ്ഞ വിലയ്‌ക്കു വിറ്റു.

നേരത്തെ കസ്‌റ്റംസ്‌ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്തത്‌ 39 വാഹനങ്ങളാണ്‌. കസ്‌റ്റംസ്‌ പിടിച്ചെടുത്ത ലാന്‍ഡ്‌റോവര്‍ വിട്ടുകിട്ടണമെന്ന്‌ അവശ്യപ്പെട്ടു ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം നടക്കുകയല്ലേ എന്നു ചോദിച്ച കോടതി, കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ചു. ദുല്‍ഖറിന്റെ വാഹനം വിദേശത്തുനിന്നു കടത്തിയതാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്‌റ്റംസ്‌ കോടതിയെ അറിയിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്‌റ്റംസ്‌ കോടതിയില്‍ വാദിച്ചു. വാഹനം വിട്ടുകിട്ടാണ്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥാന്‌ അപേക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതിനാണു ദുല്‍ഖര്‍ കൊച്ചിയിലെത്തിയത്‌. വാഹനം വിട്ടുകിട്ടാന്‍ ഇന്ന്‌ അപേക്ഷ നല്‍കിയേക്കും.

ദുല്‍ഖറില്‍നിന്ന്‌ മറ്റു രണ്ടു വാഹനങ്ങള്‍കൂടി പിടിച്ചെടുത്തിട്ടുണ്ട്‌. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്‌തിട്ടില്ലെന്നും കസ്‌റ്റംസ്‌ ചൂണ്ടിക്കാട്ടി. കസ്‌റ്റംസ്‌ ആക്‌ട്‌ പ്രകാരമാണു നടപടിയെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്‌.

അതേസമയം, കസ്‌റ്റംസ്‌ അഭിഭാഷകനോട്‌ കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. വര്‍ഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണു പിടിച്ചെടുത്തത്‌. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണിത്‌. ഒടുവില്‍ എത്തിയ ഉടമയാണു ദുല്‍ഖര്‍ സല്‍മാന്‍. ആരാണിതില്‍ യഥാര്‍ഥ ഉത്തരവാദി- കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പു കണ്ടെത്തിയതെന്നും കോടതി ചോദിച്ചിരുന്നു.

ഓരോ വണ്ടിയുടെയും വിവരങ്ങള്‍ പ്രത്യേകം പറയണമെന്നും വിവരങ്ങള്‍ കൂട്ടിക്കുഴയ്‌ക്കരുതെന്നും കോടതി കസ്‌റ്റംസിനോട്‌ നിര്‍ദേശിച്ചു. ദുല്‍ഖര്‍ സല്‍മാനെതിരായ കേസിലെ അന്വേഷണ വിവരങ്ങള്‍ കസ്‌റ്റംസ്‌ മുദ്രവച്ച കവറില്‍ ജഡ്‌ജിക്കു കൈമാറിയിട്ടുണ്ട്‌.